പോളിടെക്നിക് കഞ്ചാവ് കേസ്; നിരപരാധികളെന്ന് എസ്എഫ്ഐ; അറസ്റ്റ് തെളിവോടെയെന്ന് പൊലീസ്

 
Kerala

പോളിടെക്നിക് കഞ്ചാവ് കേസ്: നിരപരാധികളെന്ന് എസ്എഫ്ഐ, അറസ്റ്റ് തെളിവോടെയെന്ന് പൊലീസ്

എല്ലാ അനുമതികളോടെയും കൂടിയാണ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയതെന്നും പൊലീസ് പറയുന്നു.

കൊച്ചി: കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റൽ മുറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പൊലീസ് കള്ളക്കേസെടുത്തെന്ന ആരോപണവുമായി എസ്എഫ്ഐ. ഹോസ്റ്റലിലെ കെഎസ്‌യു പ്രവർത്തകരുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും, കോളെജ് യൂണിയൻ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ് നിരപരാധിയാണെന്നും എസ്എഫ്ഐ കളമശേരി ഏരിയാ പ്രസിഡന്‍റ് ദേവരാജ് അവകാശപ്പെട്ടു. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്.

കഴിഞ്ഞ വർഷം ആദിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അതു മാത്രമല്ല റെയ്ഡ് നടന്ന സമയത്ത് അഭിരാജ് പ്രദേശത്തുണ്ടായിരുന്നില്ലെന്നും, എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾക്കായി ക്യാംപസിലായിരുന്നുവെന്നും ദേവരാജ് പറഞ്ഞു.

എന്നാൽ, തെളിവോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ വാദം. എല്ലാ അനുമതികളോടെയും കൂടിയാണ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയതെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ മൂന്ന് വിദ‍്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. രാത്രി 9 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ 4 മണിക്കാണ് അവസാനിച്ചത്.

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി

ഫൈറ്റർ വിമാനം കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സംഘമെത്തി

പീഡനത്തിനിരയായവരുടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്ന് മുൻ ക്ഷേത്ര ജീവനക്കാരൻ

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചലിലും പുനെയിലും റെഡ് അലർട്ട്

ഇരട്ടക്കൊല നടത്തിയെന്ന 54 കാരന്‍റെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സംഘം