കപ്പൽ തീപിടിത്തം; വാങ് ഹായ് കമ്പനിക്കെതിരേ കേസെടുത്തേക്കും
തിരുവനന്തപുരം: വാങ് ഹായ് 503 കപ്പലിന് തീപിടിച്ച സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരേ കേസെടുത്തേക്കും. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടി. കോസ്റ്റൽ പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
അതേസമയം, കപ്പലിലെ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഹെലികോപ്റ്ററിൽ രാസവസ്തുക്കൾ വിതറിയാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.
നിലവിൽ അഞ്ച് കപ്പലുകളും രണ്ട് ഡോർണിയർ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവർത്തന ദൗത‍്യത്തിലുണ്ട്. കപ്പൽ 15 ഡിഗ്രിയോളം ചെരിഞ്ഞതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയാണ്. ടഗ് ബോട്ടിന്‍റെ സഹായത്തോടെ കപ്പൽ ഉൾക്കടലിലേക്ക് മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ജൂൺ 9ന് ആയിരുന്നു അറബിക്കടലിൽ വച്ച് വാൻ ഹായ് കപ്പലിന് തീപിടിച്ചത്. 22 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 18ഓളം പേർ കടലിലേക്ക് ചാടുകയും 4 പേരെ കാണാതാവുകയുമായിരുന്നു. രണ്ടു തായ്വാൻ പൗരന്മാർ, ഒരു ഇന്തോനേഷ‍്യൻ പൗരൻ, ഒരു മ‍്യാന്മാർ പൗരൻ എന്നിവരയൊണ് കാണാതായത്. നാവിക-തീരരക്ഷാ സേനകൾ പ്രത്യേക കപ്പലുകളിലും ഡോർണിയൻ വിമാനങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താനായിട്ടില്ല.