രാഹുൽ ഗാന്ധി, പ്രിന്‍റു മഹാദേവ്
തിരുവനന്തപുരം: ബിജെപി വക്താവ് പ്രിന്‍റു മഹാദേവിനെതിരേ പൊലീസ് കേസെടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിലാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം, വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം ഉൾപ്പടെ ചുമത്തി പേരാമംഗലം പൊലീസാണ് കേസെടുത്തത്.
ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പ്രിന്‍റു മഹാദേവിന്‍റെ കൊലവിളി പ്രസംഗം. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്‍റു മഹാദേവിന്‍റെ പരാമർശം.
ഇതേത്തുടർന്ന് അന്ന് പ്രിന്‍റു മഹാദേവിന്‍റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കത്തയക്കുകയും ചെയ്തിരുന്നു. ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്‍റു മഹാദേവിന്‍റെതെന്നും നടപടി സ്വീകരിക്കണമെന്നുമായിരുന്നു കത്തിലെ ആവശ‍്യം.