കേസ് ഡിസംബർ 2 ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരാമെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടിക്രമങ്ങൾ നീട്ടിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. കേരളത്തിന്‍റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് രണ്ടിന് തീരുമാനിക്കാം എന്ന് സുപ്രീംകോടതി അറിയിച്ചു.
ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ച്ചക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. എസ്ഐആറിലെ കേരളത്തിന്‍റെ സാഹചര്യം വ്യത്യസ്തമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികളാണ് കേരളത്തിൽ പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് കമ്മീഷൻ കോടതിയില്‍ വാദിച്ചത്. കേരള ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ബുദ്ധിമുട്ടില്ലെന്ന് ജില്ലാ കളക്ടർമാർ അടക്കം അറിയിച്ചതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ പറഞ്ഞു.
നടപടികൾ വേഗത്തിൽ നടക്കുകയാണ്. ഒരോ നടപടികളും പുരോഗമിക്കുന്നു. ആവശ്യമെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കമ്മീഷന് പറയുന്നത് അല്ല സാഹചര്യമെന്ന് കേരള സര്‍ക്കാര്‍ എതിര്‍ വാദം ഉന്നയിച്ചു. തമിഴ്നാടിനും കേരളത്തിനും പ്രത്യേക സത്യവാങ്ങ്മൂലം നൽകാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.