തിരുവനന്തപുരം: താനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ചകേസ് സിബിഐക്ക് വിട്ടതായും മജിസ്ട്രേറ്റ് അന്വേഷണത്തിനു തീരുമാനമെടുത്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തിൽ മലപ്പുറം എസ്പി ഉൾപ്പടെയുള്ള പൊലീസുകാർക്കെതിരായ പരാതിയടക്കം പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചെങ്കിലും പൊലീസിനെ നിയന്ത്രിക്കുന്നതു സിപിഎം നേതാക്കളാണെന്നും രാഷ്ട്രീയവത്ക്കരിച്ച് പൊലീസിനെ വഷളാക്കിയെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നു ഇറങ്ങിപ്പോയി.
പ്രതിപക്ഷത്ത് നിന്നും എൻ. ഷംസുദീനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നിയമത്തിന്റെ സംരക്ഷകർ തന്നെ കുറ്റവാളികളാകുന്ന സാഹചര്യമാണു കേരളത്തിലെന്നും കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ മലപ്പുറം എസ്പിയെ സസ്പെൻഡ് ചെയ്യണമെന്നും ഷംസുദ്ദീൻ പറഞ്ഞു. പൊലീസ് വാദം മുഴുവൻ തെറ്റാണ്. മരണത്തിനു പിന്നിൽ മലപ്പുറം എസ്പിയുടെയും ടീമിന്റെയും ഗൂഢാലോചനയുണ്ട്. താമസസ്ഥലത്തുനിന്ന് മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പേ യുവാവിനെ പിടിച്ചുകൊണ്ടുപോയി. എന്നാൽ തലേന്ന് രാത്രി മേൽപ്പാലത്തിനടിയിൽ നിന്ന് പിടിച്ചെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് ക്വാർട്ടേഴ്സിൽവച്ചാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. ക്വാർട്ടേഴ്സിലെ കട്ടിലിൽ രക്തക്കറകളുണ്ടായിരുന്നു. 21 മുറിവുകളാണ് യുവാവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും ഷംസുദ്ദീൻ പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് അഞ്ചു പേരെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ഇവരുടെ പക്കല്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. താമിർ ജഫ്രി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് താനൂര്‍ സബ് ഇന്‍സ്പെക്റ്റര്‍ ഉള്‍പ്പെടെ 8 പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത സമയവും അതിനിടയായ സാഹചര്യവും പൊലീസ് നടപടികളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരും. പൊലീസ് കസ്റ്റഡിയിലും ലോക്കപ്പിലും ആളുകള്‍ മരിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത്തരം കേസുകളുടെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുള്ളത്. പൊലീസ് സേന കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നുണ്ടെന്നതും സർക്കാർ ഗൗരവമായി കാണുന്നു.
27 കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 27 പൊലീസുകാരെ പിരിച്ചുവിട്ടു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചും മനുഷ്യജീവന് വിലകൽപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു കാരണവശാലും പൊലീസ് സ്റ്റേഷനുകളിലോ ലോക്കപ്പിലോ ആളുകള്‍ക്കെതിരായി ബലപ്രയോഗവും മര്‍ദ്ദന രീതികളും നടത്തുവാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ലെന്നും ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.