കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ തലക്കോട് തീ പിടിച്ചു കത്തി നശിച്ച ബസ്.
കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം തലക്കോട് ഹൈറേഞ്ചിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വാഹനം നിർത്തിയിട്ട സമയത്തായിരുന്നു തീ പിടിച്ചത്. ആളപായമില്ല. ബസ് പൂർണമായും കത്തിനശിച്ചു.
ഞായറാഴ്ച രാത്രി 9.30 ഓടെ യാണ് സംഭവം. ഇടുക്കി, രാജാക്കാട് സേനാപതിയിൽ നിന്ന് കോതമംഗലം കോട്ടപ്പടിയിൽ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. ബസിൽ 42 പേരാണുണ്ടായിരുന്നത്. 5 പേർ കോതമംഗലത്ത് ഇറങ്ങിയിരുന്നു. അപകട സമയത്ത് 37 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പാറത്തോട് സ്വദേശി മനോജ് പറഞ്ഞു. ഭക്ഷണം കഴിക്കാനും, പ്രാഥമിക കൃത്യം നിർവഹിക്കുവാനുമായി തലക്കോട് ഗവ. യുപി സ്‌കൂളിനു സമീപം ഇറങ്ങിയ വേളയിലായിരുന്നു തീ പ്പിടിത്തം. 15 പേർ ഭക്ഷണം കഴിക്കാനായി ദേശീയ പാതക്ക് സമീപമുള്ള ചില്ലീസ് ഹോട്ടലിലേക്ക് കയറി മിനിറ്റുകൾക്കകമായിരുന്നു ബസിന് തീപിടിച്ചത്.
ബസിനു പിന്നിൽ പുക ഉയരുന്നതു കണ്ട് ഡ്രൈവർ എല്ലാവരോടും ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. യാത്രക്കാർ പെട്ടെന്ന് ചാടിയിറങ്ങുകയും ചിലരെ വലിച്ചുചാടിച്ച് രക്ഷപ്പെടു ത്തുകയുമായിരുന്നു. യാത്രക്കാരെ എല്ലാവരേയും പൂർണമായും മാറ്റിയപ്പോഴേക്കും ബസ് കത്താൻ തുടങ്ങി.സെക്കൻഡുകൾക്കക്കംആളിക്കത്തുകയായിരുന്നു. ബസിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ നീക്കി നിമിഷങ്ങൾക്കകം ബസ് ഒരു തീഗോളമായി മാറി.
കോതമംഗലത്തുനിന്ന് അഗ്നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി അരമണിക്കൂർ കൊണ്ടാണ് തീയണച്ചത്. ഊന്നുകൽ പോലീസ് എത്തി റോഡിന് ഇരുവശവും വാഹനങ്ങൾ ബ്ലോക്ക് ചെയ്തു. 10.30-ഓടെ തീയണച്ചശേഷം മാത്രമാ ണ് ദേശീയ പാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. ബസിലെ യാത്രക്കാരുടെ മൊബൈൽ ഫോണുകളും മറ്റ് സാധനസാമഗ്രികളും അടക്കം കത്തി നശിച്ചു.
സേനാപതിയിൽ വെച്ചായിരുന്നു വിവാഹം. കോട്ടപ്പടിയിലുള്ള വരന്‍റെ വീട്ടിൽ പോയി മടങ്ങു കയായിരുന്ന വധുവിന്‍റെ ബന്ധുമിത്രാദികൾ സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ പിന്നീട് മറ്റൊരു വാഹനം ക്രമികരിച്ചു. അഗ്നിരക്ഷാസേന പെട്ടെന്ന് തീയണച്ചതുകൊണ്ടാണ് സമീപത്തെ കെട്ടിടത്തിലേക്ക് തീപടരാതിരുന്നതെന്ന് ഊന്നുകൽ സിഐ ബി.എസ്. ആദർൾ പറഞ്ഞു. ഷോ ട്ട് സർക്യൂറ്റാണെന്നാണ് പ്രാഥമിക നിഗമനം.