ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി; ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള ഭൂമി ഉൾപ്പെടെയുള്ള ചെറുവള്ളി എസ്റ്റേറ്റിന്‍റെ അവകാശവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. പാലാ സബ് കോടതിയാണ് സർക്കാരിന്‍റെ ഹർജി തള്ളിയത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലം 1910ലെ സെറ്റിൽമെന്‍റ് രജിസ്റ്റർ പ്രകാരം സർക്കാർ വക പാട്ടം വിഭാഗത്തിൽ പെട്ടതാണെന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ സർക്കാരിന്‍റെ വാദങ്ങളെല്ലാം കോടതി തള്ളി. വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കോടതി വിധി തിരിച്ചടിയായിരിക്കുന്നത്. നിലവിൽ ചെറുവള്ളി എസ്റ്റേറ്റ് അയന ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണ്. അവരുടെ മുൻഗാമികളായ ഹാരിസൺ ഭൂമി നിയമവിരുദ്ധമായി വിറ്റുവെന്നും ഭൂമി സർക്കാരിന്‍റെയുമാണെന്നുമാണ് റവന്യു വകുപ്പിന്‍റെ വാദം. എന്നാൽ 2263 ഏക്കർ വരുന്ന ഭൂമിയുടെ രേഖകളെല്ലാം കൈവശമുണ്ടെന്ന ട്രസ്റ്റിന്‍റെ വാദം കോടതി അംഗീകരിച്ചു. ഇനി ട്രസ്റ്റിൽ നിന്ന് സർക്കാർ സ്ഥലം വാങ്ങുകയോ ട്രസ്റ്റ് സ്ഥലം വിട്ടു നൽകുകയോ ചെയ്തെങ്കിൽ മാത്രമേ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാകൂ.
എന്നാൽ വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും റവന്യു മന്ത്രി കെ. രാജൻ അവകാശപ്പെട്ടു. 2018 മുതലുള്ള കോടതി നടപടികൾക്ക് ശേഷമാണ് കോടതി ഉത്തരവ്. ഉത്തരവിനെതിരേ മേൽക്കോടതിയിൽ ഹർജി നൽകുന്നതിനായി നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി.