തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ‍്യപേപ്പറുകൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. പരീക്ഷയുടെ തലേ ദിവസം എംഎസ് സൊല‍്യൂഷൻസ് എന്ന യൂട‍്യൂബ് ചാനലിലൂടെയാണ് ചോദ‍്യപേപ്പറുകൾ ചോർന്നത്. ചോദ‍്യപേപ്പറിലെ ചോദ‍്യങ്ങൾ യൂട‍്യൂബ് ചാനലിന് എങ്ങനെ കിട്ടിയെന്നതിൽ വ‍്യക്തതയില്ല. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്.
പരീക്ഷയ്ക്ക് തലേദിവസം ചോദ‍്യങ്ങൾ ചോർന്നതോടെ വിദ‍്യാർഥികളും അധ‍്യാപകരും ആശങ്കയിലായി. സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയിരുന്നു. ഡിഡിയുമായി നടന്ന ചർച്ചയിൽ യൂട‍്യൂബ് ചാനലിനെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കെഎസ്‌യു പറഞ്ഞു. സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്‌യു അറിയിച്ചു.