പാതിവില തട്ടിപ്പു കേസിൽ കേരളത്തിലൊട്ടാകെ രജിസ്റ്റർ ചെയ്തത് 1343 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു
തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ കേരളത്തിലൊട്ടാകെ രജിസ്റ്റർ ചെയ്തത് 1343 കേസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 231 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്ന 1343 കേസുകളിലായി 48,384 പേരാണ് തട്ടിപ്പിനിരയായത്. ഇതിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും മുഖ്യമന്ത്രി മന്ത്രിസഭയിൽ അറിയിച്ചു.
കേസിലെ മുഖ്യപ്രതികളെല്ലാം അറസ്റ്റിലായി. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സീഡ് വഴിയും എൻജിഒ കോർപ്പറേഷൻ വഴിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് അന്വേഷണ ഘട്ടത്തിലാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതായുണ്ട്. പ്രമുഖ വ്യക്തികൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ഫോട്ടോ പുറത്തു വന്നിരുന്നു. ഇതിൽ വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ്.
ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ചേർന്നവർക്ക് പാതിവിലയിൽ സ്കൂട്ടർ നൽകി. പിന്നീടങ്ങോട്ട് നൽകാതെയായി. സർക്കാർ ഇരകൾക്കൊപ്പമാണ്. എന്നാൽ, നിയമപരമായ കാര്യങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ പണം തിരികെ നൽകാനാവൂ എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.