സഹകരണമേഖലയിൽ വിമാന കമ്പനി തുടങ്ങാൻ ശ്രമം.
സാങ്കൽപ്പിക ചിത്രം
സഹകരണ മേഖലയിൽ ചരിത്രപരമായ ചുവടുവെപ്പിനൊരുങ്ങി കേരളം. രാജ്യത്തെ ആദ്യത്തെ സഹകരണാധിഷ്ഠിത വിമാന കമ്പനിയായ 'കോ കേരളം' (Co Keralam) സംബന്ധിച്ച പദ്ധതി സംസ്ഥാന സർക്കാരിന്‍റെ അംഗീകാരത്തിനു സമർപ്പിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ ക്യാൻസർ സെന്‍റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു.
പൂർണമായും സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെയാണ് വിമാന കമ്പനി പ്രവർത്തിക്കുക. സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങൾ പദ്ധതിയിൽ പങ്കാളികളാകും. ഓരോ സംഘവും രണ്ട് കോടി രൂപ വീതം നിക്ഷേപിക്കും. ഈ സംരംഭത്തിൽ സർക്കാരിന് നേരിട്ട് സാമ്പത്തിക ബാധ്യതയില്ല.
എന്നാൽ, പദ്ധതിയുടെ ഭരണപരമായ നേതൃത്വം സർക്കാർ തലത്തിലായിരിക്കും. മുഖ്യമന്ത്രിയായിരിക്കും കമ്പനി ചെയർമാൻ, സഹകരണ വകുപ്പ് മന്ത്രി വൈസ് ചെയർമാനായും പ്രവർത്തിക്കും. പ്രവർത്തനത്തിന്‍റെ ആദ്യ ഘട്ടത്തിൽ രണ്ട് വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താനാണ് ആലോചിക്കുന്നത്. 3.20 കോടി രൂപയാണ് ഒരു മാസം ഒരു വിമാനത്തിനുള്ള ചെലവ്. ഒരു വർഷം ഒരു വിമാനത്തിൽ ആരും കയറിയില്ലെങ്കിൽ പോലും 32 കോടി രൂപ മാത്രമാണ് നഷ്ടം കണക്കാക്കുന്നത്. എന്നാൽ, കമ്പനി രണ്ട് വർഷം കൊണ്ട് ലാഭത്തിലാകുമെന്നും പ്രതീക്ഷ.
ഹൈസ്പീഡ് റെയിൽ നടപ്പാക്കാൻ സ്ഥലം ഏറ്റെടുപ്പും 50,000 കോടി രൂപ ചെലവും വേണ്ടിടത്ത് എയർലൈൻ പദ്ധതിക്ക് ചെലവ് കുറവാണെന്നും വിജയകൃഷ്ണൻ അവകാശപ്പെടുന്നു. നെടുമ്പാശേരി ആസ്ഥാനമായി, കരിപ്പൂർ, കണ്ണൂർ, മംഗലൂരു, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
എയർലൈനു പുറമേ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനും പദ്ധതിയുണ്ട്. ഇതുകൂടാതെ, ഭാവിയിൽ മൂന്നാർ, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ തുടങ്ങി സർവീസ് വ്യാപകമാക്കും. 72 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. 3500 രൂപ മുതൽ 7000 രൂപ വരെയായിരിക്കും ടിക്കറ്റ് നിരക്ക്. പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ഒഴിവുള്ള സീറ്റുകളിൽ കുറഞ്ഞ നിരക്കിന് ടിക്കറ്റ് നൽകും. പദ്ധതി യാഥാർഥ്യമായാൽ ആദ്യ ഘട്ടത്തിൽ തന്നെ 200 പേർക്ക് ജോലി ലഭിക്കുമെന്നും വിജയകൃഷ്ണൻ.