കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ. 8 പ്രതികളുണ്ടായിരുന്ന കേസിൽ എല്ലാവരെയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. കേസിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന് എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി.
2015ൽ ജനുവരി 15നാണ് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിൽ നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. മോഡലായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്നേഹ ബാബു എന്നിവരാണ് പിടിയിലായത്.
2018 ഒക്‌ടോബറിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ‍്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്. പ്രതികൾ ലഹരി ഉപയോഗിച്ചതിന് ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടിരുന്നു.
പ്രതികളുടെ രക്ത സാംപിളുകൾ അന്വേഷണ സംഘം ന‍്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ലാബിലേക്ക് അയച്ചിരുന്നെങ്കിലും കൊക്കെയ്ൻ ഉപയോഗം കണ്ടെത്താൻ കഴിഞ്ഞില്ല.