കാലിന്‍റെ വേദന ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിശോധിച്ചില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി
file
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ സ്വദേശി ഉഷയ്ക്കും മകൾ നിഥാനയ്ക്കുമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു.
തുടർന്ന് 10: 45 ഓടെ ആശുപത്രിയിലെത്തിയെങ്കിലും അര മണിക്കൂർ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. അത‍്യാഹിത വിഭാഗത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധിക്കാൻ ഡോക്റ്റർമാർ എത്തിയില്ല.
വേദന പല തവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും ചികിത്സ ലഭിക്കാതെ വന്നതോടെ ഇരുവരെയും ബന്ധുക്കൾ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ആരോഗ‍്യ മന്ത്രി, ആരോഗ‍്യ വകുപ്പ് ഡയറക്‌റ്റർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽക്കാൻ ഒരുങ്ങുകയാണ് ഉഷയും കുടുംബവും.