സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം പ്രഖ്യാപിച്ച് യോഗം പിരിഞ്ഞതിനു പിന്നാലെ കോൺഗ്രസിൽ വീണ്ടും അതൃപ്തി പുകയുന്നു. പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെയും മറ്റ് ഭാരവാഹികളേയും നിയമിച്ചതിന് പിന്നാലെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയാണ് പാർട്ടിയിൽ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. പാർട്ടിയിലെ പ്രധാന സ്ഥാനങ്ങളിലെല്ലാം കെ.സി സ്വന്തം ഇഷ്ടക്കാരെ നിയമിച്ചെന്നാണ് മുതിർന്ന എംപിമാരുടെ ഉൾപ്പെടെ അഭിപ്രായം. കൂടിയാലോചന നടത്താതെ കെപിസിസി നേതൃതലത്തിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും അഴിച്ചുപണി നടത്തിയെന്ന പരാതി ഒരു വിഭാഗം ഉയർത്തുന്നു. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് നടന്ന പുതിയ നേതൃത്വത്തിന്‍റെ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ നിന്നും എംപിമാരില്‍ പലരും വിട്ടുനിന്നതിന്‍റെ കാരണവും ഇതാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.
സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ശശി തരൂര്‍, എം.കെ രാഘവന്‍, ബെന്നി ബഹനാന്‍,വി.കെ ശ്രീകണ്ഠന്‍,ആന്‍റോ ആന്‍റണി, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരുടെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ.സി വേണുഗോപാലിനൊപ്പം പ്രതിപക്ഷ നേതാവും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭാരവാഹികളെ നിശ്ചയിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. അതിനിടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പുനഃസംഘടനയുമുള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ എഐസിസി വിളിച്ച യോഗത്തില്‍ ചുമതലയൊഴിഞ്ഞ അധ്യക്ഷൻ കെ.സുധാകരന്‍ പങ്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. നേതാക്കളെല്ലാം തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് വിമാനം കയറിയപ്പോൾ പ്രവർത്തക സമതിയിലെത്തിയിട്ടും സുധാകരന്‍ കണ്ണൂരിലേക്കാണ് മടങ്ങിയത്. മുൻ അധ്യക്ഷന്മാരായ കെ.മുരളീധരനും, വി.എം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന കെപിസിസിയിലെ ചുമതലയേറ്റെടുക്കല്‍ ചടങ്ങിലും നേതാക്കളില്‍ പലരും അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചിരുന്നു. പാര്‍ശ്വവല്‍കൃതരെ കോണ്‍ഗ്രസ് തഴയുകയാണെന്ന കൊടിക്കുന്നില്‍ സുരേഷിന്‍റെ പ്രതികരണവും തൃശൂരിലേക്ക് പോയപ്പോള്‍ തന്‍റെ ഗ്രാഫ് താഴ്ന്നുവെന്ന കെ.മുരളീധരന്‍റെ പ്രതികരണവും അതൃപ്തിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതില്‍ എം.എം ഹസനും അതൃപ്തിയിലാണെന്നാണ് പുറത്ത് വരുന്ന വിവരം. തന്നെ മുന്‍ യുഡിഎഫ് കണ്‍വീനര്‍ എന്ന് വിളിക്കരുതെന്ന ഹസന്‍റെ പ്രതികരണത്തിലും അതൃപ്തി പ്രകടമായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ യോഗത്തില്‍ എം.എം ഹസന്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ദലിത് വിഭാഗത്തെ കോണ്‍ഗ്രസ് തഴയുകയാണെന്ന കൊടിക്കുന്നില്‍ സുരേഷിന്‍റെ വിമര്‍ശനത്തെ ഇന്നലെ മാധ്യമങ്ങളെ കണ്ട നേതാക്കള്‍ തള്ളി. ദലിത് വിഭാഗത്തിന് ഏറ്റവും കൂടുതല്‍ പരിഗണന കൊടുത്ത പാര്‍ട്ടി കോണ്‍ഗ്രസാണെന്നായിരുന്നു എം.എം ഹസന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ കൊടിക്കുന്നില്‍ സുരേഷ് എഐസിസിയെ അറിയിക്കുകയാണ് വേണ്ടതെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. അതിനിടെ എംപിമാരില്‍ ഭൂരിഭാഗം പേരും വിവിധ കാരണങ്ങൾ പറഞ്ഞ് കെപിസിസി നേതൃത്വത്തിന്‍റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിനെ ഹൈക്കമാന്‍ഡ് ഗൗരവത്തിലാണ് കാണുന്നത്.