വി.ഡി. സതീശൻ
കൊച്ചി: സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്. ഇതുവരെ വി.ഡി. സതീശൻ എന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തിട്ട് ഇപ്പോൾ കൈയടിക്കുവേണ്ടി ജാതിപ്പേര് ഉപയോഗിച്ചു എന്നാണ് വിമർശനം. സതീശനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കോൺഗ്രസ് വക്താവ് വി.ആർ. അനൂപിന്‍റെ കുറിപ്പാണ്. മുഖ്യമന്ത്രി ബി.ആർ. അംബേദ്കറെ വായിക്കാൻ സമയം മാറ്റിവയ്ക്കണം എന്നാണ് അനൂപ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
അനൂപിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
VADASSERY RAVEENDRANATH ANOOP എന്ന ഞാൻ.. ട്രോൾ അല്ല. വടശ്ശേരി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാത്രം അല്ല , എന്‍റേയും കുടുംബപ്പേര് ആണ് ( മലയാളത്തിൽ വടശ്ശേരി എന്നല്ല , വടാശ്ശേരി എന്നും വായിക്കും ) പക്ഷേ, ഞങ്ങൾ മേനോൻ, നായർ , വർമ്മ ഒന്നും അല്ല. തീയ്യ - ഈഴവ ആണ് (ഇതേ കുടുംബപേരുള്ള മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കണ്ടിട്ടുണ്ട്. അവർ ഈഴവർ മതം മാറിയതാവാനും സാധ്യതയുണ്ട്. കേരളത്തിലെ മുസ്ളീങ്ങളിലും, ക്രിസ്ത്യാനികളിലും ഒരു വലിയ വിഭാഗം ഈഴവർ മതം മാറിയവർ ആണല്ലോ) എന്തുകൊണ്ട് ഇപ്പോൾ വടശ്ശേരി ദാമോദര മേനോൻ വരുന്നു എന്നാണല്ലോ ചോദ്യം. അത് അദ്ദേഹത്തിൻന്‍റെ പേരിന്‍റെ എക്സ്പാൻഷൻ ആണ് എന്നതാണ് ഒരു വാദം.
എന്നാൽ എന്ത് കൊണ്ട് അദ്ദേഹത്തിന്‍റെ മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു എന്നതാണ് ചോദ്യം. ജാതി ഒരേ സമയം ഒരു സാമൂഹിക മൂലധനവും സാമൂഹിക അധികാരവും ആണ്. ഏതാണ്ട് ഒരു വർഷം മുൻപ് ഇന്നത്തെ മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവിനൊടൊപ്പം അന്തരിച്ച ചിന്തകൻ കെകെ കൊച്ചിനെ സന്ദർശിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്ത് പോവുന്നു 'അംബേദ്കറെ അധികം വായിക്കാൻ കഴിഞ്ഞിട്ടില്ല" ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ തിരക്കുകൾക്കിടയിലും, വായനക്ക് വലിയ സമയം കണ്ടെത്തുന്ന അങ്ങ് അംബേദ്കറെ വായിക്കാൻ അധിക സമയം കണ്ടെത്തണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ പറയാനുള്ളത്.