കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്
തിരുവനന്തപുരം: സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്.
തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചു.
രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെതിരേ വധഭീഷണിയുണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല. വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിന്‍റേത്. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ തെളിവാണെന്നും സണ്ണി ജോസഫ്.
വധഭീഷണിക്കെതിരേ നിയമനടപടി സ്വീകരിക്കാതെ ബിജെപിയുടെ വിദ്വേഷ പ്രചാരകര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുന്നതിലൂടെ പിണറായി സര്‍ക്കാരിന്‍റെ കൂറ് ആരോടാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന ആശയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപിക്കു കഴിയുന്നില്ല. അതിനാലാണ് അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്നും, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.