P Sasi 
Kerala

പി. ശശിയുടെ കസേര ഇളകുന്നതായി സൂചന

മുഖ്യമന്ത്രിയോട് നേരിട്ട് ഉറ്റബന്ധം പുലർത്തുന്നവരാണ് ജലീലും അൻവറും ആരോപണവിധേയരായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആർ. അജിത് കുമാറും

Namitha Mohanan

എം.ബി. സന്തോഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെ ഭരണപക്ഷ എംഎൽഎമാർ തന്നെ പ്രതിക്കൂട്ടിലാക്കിയതോടെ സർക്കാർ വെട്ടിൽ. ആരോപണങ്ങൾ ഇന്നലെയും തുടർന്ന പി.വി. അൻവർ എംഎൽഎയെ പിന്തുണച്ച് മുൻമന്ത്രി കൂടിയായ ഡോ. കെ.ടി. ജലീൽ കൂടി രംഗത്തുവന്നു. സിപിഎം സഹയാത്രികനായ മുൻ എംഎൽഎ കാരാട്ട് റസാഖ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേ അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ ശശിയുടെ കസേര ഇളകുന്നുവെന്നാണ് സൂചന.

ഈ എംഎൽഎമാർ പൊലീസിനെതിരായ പരാതികൾ പൊളിറ്റിക്കൽ സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ, അതിന് ഒരു പരിഗണനയും കിട്ടിയില്ല. സിപിഎമ്മിന്‍റെ വലിയൊരു വിഭാഗം നേതാക്കൾക്കും ജനപ്രതിനിധികൾക്കും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം ഇതുതന്നെ ആയതിനാൽ സിപിഎമ്മിന്‍റെ ഇന്നലെ ആരംഭിച്ച സമ്മേളനങ്ങളിൽ ഇത് ചൂടും പുകയും ഉയർത്തും.

മുഖ്യമന്ത്രിയോട് നേരിട്ട് ഉറ്റബന്ധം പുലർത്തുന്നവരാണ് ജലീലും അൻവറും ആരോപണവിധേയരായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും എഡിജിപി എം.ആർ. അജിത് കുമാറും. അതുകൊണ്ടു തന്നെ ജലീലും അൻവറും നേരിട്ട് പരസ്യ പോരിനിറങ്ങിയത് സിപിഎം പ്രവർത്തകരെ ആവേശഭരിതരാക്കിയതായാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

പൊലീസിലെ അഴിമതിക്കാർ മറ്റെന്നത്തെക്കാളും പ്രബലമായ കാലമാണിതെന്ന് സിപിഎമ്മുകാർ അടക്കം പറഞ്ഞിരുന്നു. അൻവറും ജലീലും റസാഖും സിപിഎമ്മിൽ നിന്ന് പലപ്പോഴും എതിർപ്പ് നേരിട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളിൽ അവർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പാർട്ടി അംഗമല്ലാത്ത എംഎൽഎമാർ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേ വെടിപൊട്ടിക്കുമ്പോൾ സിപിഎം ജനപ്രതിനിധികൾ ഉൾപ്പെടെ ആഹ്ലാദിക്കുന്ന കൗതുകകരമായ അവസ്ഥയാണ് നിലവിലുള്ളത്.

സിപിഎമ്മിനൊപ്പമാണ് എന്ന് ജലീലും അൻവറും ആവർത്തിക്കുമ്പോൾത്തന്നെ താൻ ഇനി തെരഞ്ഞെടുപ്പ് മത്സരങ്ങൾക്കില്ലെന്ന് ജലീൽ പറയുമ്പോൾ അതിൽ പ്രതിഷേധത്തിന്‍റെ സ്വരം നിരീക്ഷകർ കാണുന്നു. ജലീലും അൻവറും റസാഖും ലീഗ്, യുഡിഎഫ് വോട്ടുകൾ കൂടി പെട്ടിയിലാക്കിയാണ് ജയിച്ചുകയറുന്നത്. അതുകൊണ്ടു തന്നെ ഇവരിൽ ചിലർ മത്സരരംഗത്തു നിന്ന് പിന്മാറുമെന്ന് പറയുന്നത് സിപിഎമ്മിന് ഗൗരവത്തിലെടുക്കേണ്ടിവരും. അതുകൊണ്ടാണ് അന്‍വറിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്.

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി

കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തി യുഎസ്