രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പിഎം കുസുമിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല. നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് വിജിലൻസ് ഡയറക്റ്റർക്കാണ് രമേശ് ചെന്നിത്തല പരാതി നൽകിയത്.
പിഎം കുസും കേരളത്തിൽ നടപ്പാക്കിയതിലെ ക്രമക്കേടുകളാണ് ചെന്നിത്തല ഉന്നയിക്കുന്നത്. അനർട്ട് സിഇഒ യ്ക്കെതിരെയാണ് ആരോപണങ്ങൾ. അഞ്ച് കോടി രൂപ വരെയുളള ടെൻഡറുകൾ വിളിക്കാൻ മാത്രം അധികാരമുളള സിഇഒ നേരിട്ട് 240 കോടി രൂപയുടെ ടെൻഡർ നൽകിയെന്നാണ് ആരോപണം. ഇത് മുതൽ എല്ലാ ഘട്ടങ്ങളിലും അഴിമതി നടന്നുവെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.