'മദർ മേരി കംസ് ടു മി'
കൊച്ചി: അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്‍റെ കവർ ചിത്രത്തിൽ പുക വലിക്കുന്ന ചിത്രം നൽകിയതിനെ ചോദ്യം ചെയ്തു കൊണ്ടുളള പൊതുതാത്പര്യ ഹർജി ഹൈകോടതി തളളി. ചീഫ് ജസ്റ്റിസ് നിതിൻ ജംദാൾ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നിയമപരമായ മുന്നറിയിപ്പ് ലേബൽ പതിച്ചിട്ടില്ലെങ്കിൽ പുസ്തകത്തിന്‍റെ വിൽപ്പന തടയണമെന്നാണ് ഹർജിക്കാരൻ എ. രാജസിംഹൻ ആവശ്യപ്പെട്ടത്. പൊതുതാത്പര്യ ഹർജി പ്രശസ്തിയ്ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും കോടതി ഹർജിക്കാരനോട് നിർദേശിച്ചു.
മുന്നറിയിപ്പില്ലാത്ത കവർ പേജിലെ ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതുകൊണ്ടു തന്നെ പുസ്തകത്തിന്‍റെ വിൽപ്പന തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കവർ പേജിൽ നിയമപരമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാതെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും വിമർശനമുണ്ടായി.
പുകവലി ചിത്രവുമായി ബന്ധപ്പെട്ട പരാതികൾ വിദഗ്ധ സമിതിക്ക് മുന്നിലാണ് നൽകേണ്ടതെന്നും ഹൈക്കോടതിയെ സമീപിച്ചതിന് പിന്നിലെ ലക്ഷ്യം പ്രശസ്തി നേടലാണെന്നും കോടതി ചൂണ്ടിക്കാട്ടി.