ഹണി എം. വർഗീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണ കോടതി ജഡ്ജിയെ അധിക്ഷേപിക്കുന്ന വിധത്തിൽ മാധ്യമങ്ങളിൽ പ്രതികരണം നടത്തിയവർക്കെതിരേ കെസെടുക്കാൻ നിർദേശം. വിചാരണ കോടതിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്ജി എഴുന്നേറ്റു നിന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച ചാൾസ് ജോർജിനെതിരേയാണ് കേസെടുപക്കാൻ ഉത്തരവിട്ടത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുൽ ശശിധരൻ , ഗിജീഷ് പ്രകാശ് എന്നിവർ മുഖേനേ പി.ജെ പോൾസൺ നൽകിയ പരാതിയിലാണ് ഉത്തരവ്.
കഴിഞ്ഞ ഡിസംബർ 8 ന് നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിനു പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ചാൾസ് ജോർജ് ജഡ്ജിയെയും കോടതിയെയും അധിഷേപിച്ചിരുന്നു. താൻ വിധി പറയുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നെന്ന് കാട്ടിയാണ് ചാൾസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിധി പക്ഷപാതപരമാണെന്നും, പ്രതി കോടതിയിൽ വരുമ്പോൾ ജഡ്ജ് ബഹുമാനപൂർവം എഴുന്നേറ്റ് നിൽകാറുണ്ടെന്നും, വിധി നീചമാണെന്നും യഥാർഥ പ്രതികൾ രക്ഷപെട്ടു എന്നും ചാൾസ് ജോർജ് പ്രതികരിച്ചിരുന്നു. കോടതിയെയും ജഡ്ജിയെയും മനപ്പൂർവം അവഹേളിക്കാനാണ് ചാൾസ് ജോർജ് ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.