പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​സ്ഥാ​നം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

 

file

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള പരസ്യ പോരിൽ മ​റ്റു ഘടക ​കക്ഷിക്കിടയിൽ അമർഷം പുകയുകയാണ്

Namitha Mohanan

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച് സി​പി​എം- സി​പി​ഐ തർക്കം തുടരുന്നതിൽ ഘടകകക്ഷികളടക്കം അതൃപ്തിയറിയിച്ചതിനു പിന്നാലെയും സിപിഎമ്മുമായി തുടരുന്ന തർക്കത്തിൽ പിന്നോട്ടില്ലെന്ന സൂചനയുമായി സിപിഐ.

ഇ​ട​തു​കക്ഷികൾ തമ്മിൽ അടിമ - ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുമ്പോൾ, വിട്ടുവീഴ്ചകളൊന്നുമുണ്ടാകില്ലെന്ന ശക്തമായ നിലപാടാണ് പറഞ്ഞുവയ്ക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ രാ​ഷ്‌​ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം പറയുമ്പോൾ സംസ്ഥാന നേതൃത്വത്തോ​ടുള്ള കടുത്ത അതൃപ്തിയാണ് വ്യക്തമാകുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള പരസ്യ പോരിൽ മ​റ്റു ഘടക ​കക്ഷിക്കിടയിൽ അമർഷം പുകയുകയാണ്. പൊതുവേദിയിൽ ചർച്ചയ്ക്കു വ​യ്ക്കാതെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ് എം ചെ​യ​ർ​മാ​ൻ ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡിക്കും അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കാൻ സിപിഎമ്മും സിപിഐയും മുൻകൈ​യെ​ടുക്കുന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം പരസ്യമാക്കാൻ ഒരുങ്ങുകയാണ് മറ്റു കക്ഷികളും.

പൊതുവേദിയിൽ ചർച്ചയാക്കാൻ ആഗ്രഹിച്ചിരുന്നില്ല

പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയം പൊതുവേദിയിൽ ചർച്ചയാക്കാൻ സിപിഐ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിക്കുള്ളിലാണ് വിഷയം ഉന്നയിച്ചത്. മേയ് 7നു ​നടന്ന സിപിഐ-​ സിപിഎം ചർച്ചകളിലാണ് പറഞ്ഞത്.

കീഴ്വഴക്കങ്ങൾ അനുസരിച്ച് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഎമ്മിനാണ് ലഭിക്കേണ്ടതെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍റെ പ്രസ്താവന മുന്നണിയുടെ തീരുമാനമല്ല, സിപിഎമ്മിന്‍റെ മാത്രം അഭിപ്രായമാണ്. ജോസ് കെ. മാണി പറഞ്ഞതുപോലെ എൽഡിഎഫിനകത്ത് ചർച്ചചെയ്ത് മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് ലഭിക്കുമെന്ന കാര്യത്തിൽ പ്രതീക്ഷയല്ല, മറിച്ച് പൂർണമായ രാഷ്‌​ട്രീയ ബോധ്യമാണുള്ളതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

സിപിഐയ്ക്ക് പലയിടത്തും 5,000 വോട്ട് പോലും ഇല്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സി​പി​എം നേതാക്കളായ എം.എ. ബേബിയോ എം.വി. ഗോവിന്ദനോ അത്തരം അഭിപ്രായം പറഞ്ഞാൽ മാത്രമേ താൻ മറുപടി നൽകുകയുള്ളൂ എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സിപിഐയുടെ കരുത്ത് തെളിയിക്കാൻ ആർക്കും മുന്നിൽ കണക്കുകൾ കാണിക്കേണ്ട കാര്യമില്ല. സിപിഐ ഇന്ത്യയിലെ ഏറ്റവും ​വലിയ പാർട്ടിയല്ലെങ്കിലും ദേശീയ സാന്നിധ്യമുള്ള ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയാണ്. രാജ്യത്തിന്‍റെ എല്ലാ കോണുകളിലും പാർട്ടിയുണ്ട്. സിപിഐ വലിയ പാർട്ടിയാകാൻ സിപിഎം ചെറുതാകണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നി​ല്ല- അദ്ദേഹം വ്യക്തമാക്കി.