Kerala

‌'കേരള സ്റ്റോറി': സിപിഎം രണ്ടു തട്ടിൽ

കണ്ണൂർ/ന്യൂഡൽഹി: റിലീസാകും മുൻപേ വിവാദമായിക്കഴിഞ്ഞ "ദ കേരള സ്റ്റോറി' എന്ന സിനിമയെച്ചൊല്ലി സിപിഎമ്മിന്‍റെ സംസ്ഥാന ഘടകവും ദേശീയ നേതൃത്വവും രണ്ടു തട്ടിൽ. സംഘപരിവാർ സ്പോൺസർ ചെയ്യുന്ന സിനിമയെന്ന് സംസ്ഥാന ഘടകം നിരന്തരം ആരോപിക്കുമ്പോൾ, കോടതി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

സംഘപരിവാർ അജൻഡയുടെ ഭാഗമാണ് സിനിമ എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചൊവ്വാഴ്ച പറഞ്ഞത്. കേരളത്തിൽനിന്ന് "അപ്രത്യക്ഷരായ' 32,000 യുവതികൾ മതം മാറി സിറിയയിൽ പോയി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേർന്നെന്ന് ആരോപിക്കുന്ന ചിത്രത്തിന്‍റെ ടീസറാണ് ഇതിനകം വൈറലായതും വിവാദമായതും.

എന്നാൽ, ഈ കണക്കിൽ താൻ ഉറച്ചു നിൽക്കുന്നു എന്നാണ് ചിത്രത്തിന്‍റെ സംവിധായകൻ സുദീപ്തോ സെൻ പറയുന്നത്. 32,000 അല്ല, അമ്പതിനായിരം പെൺകുട്ടികളെങ്കിലും ഇത്തരത്തിൽ മതം മാറി രാജ്യം വിട്ടിട്ടുണ്ടെന്നും സെൻ തറപ്പിച്ചു പറയുന്നു.

അതേസമയം, സിപിഎം സിനിമാ നിരോധനത്തിന് എതിരാണെന്ന നിലപാടാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. കേരളത്തിലെ മതസൗഹാർദം തകർക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം. സിനിമയുടെ ഭാവി കോടതി തീരുമാനിക്കട്ടെയെന്നും യെച്ചൂരി. ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസൻസല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, സിനിമയ്ക്കെതിരേ നിയമപരമായ നടപടികളെക്കുറിച്ചൊന്നും അദ്ദേഹം സൂചിപ്പിച്ചിട്ടില്ല.

അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന നിലപാടാണ് പരമോന്നത കോടതി സ്വീകരിച്ചിട്ടുള്ളത്. ഹൈക്കോടതിയിൽ വന്ന സമാന ഹർജിയിലും നിരോധന ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷം വളർത്താനുമുള്ള സംഘ പരിവാർ അജൻഡയുടെ ഭാഗമാണ് സിനിമ എന്നതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനം തന്നെ തെളിവാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റുകൾ നടക്കുന്നു എന്ന വസ്തുത നിരാകരിക്കാൻ കഴിയില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന് അതിന്‍റെ കൃത്യമായ കണക്കുകൾ അറിയാമെന്നുമായിരുന്നു സുരേന്ദ്രന്‍റെ പ്രസ്താവന. ഐഎസിനും ഭീകരവാദികൾക്കും കേരളത്തിൽ സാന്നിധ്യമില്ലെങ്കിൽ പിന്നെങ്ങനെയാണ് ഉത്തരേന്ത്യയിൽ നിന്ന് ഒരാൾ കേരളത്തിൽ വന്ന് ട്രെയ്നിനു തീയിട്ടതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

വടക്കാഞ്ചേരിയിൽ എയർകൂളറിൽ നിന്ന് ഷോക്കേറ്റ് 2 വയസുകാരൻ മരിച്ചു

ബസ് സ്റ്റാൻഡിലെ കല്ലിൽ തട്ടി ബസിനടിയിലേക്ക് വീണു; 56 കാരന് ദാരുണാന്ത്യം

പ്രളയത്തിൽ വിറങ്ങലിച്ച് ബ്രസീൽ: 60 മരണം, 67 പേരെ കാണാതായി

കള്ളക്കടല്‍ പ്രതിഭാസം: മൂന്നു ജില്ലകളിൽ കടലാക്രമണം