കൊല്ലം: വിഭാഗീയതയെ തുടർന്ന് തർക്കവും കയ്യാങ്കളിയിലുമെത്തിയ കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് സംസ്ഥാന നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് തിരുമാനം. കരുനാഗപ്പള്ളി സമ്മേളനത്തിലുണ്ടായത് തെറ്റായ പ്രവണതയാണെന്നും നിലവിലെ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ചർച്ചയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നാണ് വിവരം.
പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്ത് നിലവിലുള്ള കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പൂർണമായും പുനസംഘടിപ്പിക്കാൻ തിരുമാനിച്ചതായും ഗോവിന്ദൻ അറിയിച്ചു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ നേതൃ പാനൽ അവതരിപ്പിച്ചതിലുണ്ടായ എതിർപ്പാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്കെതിരേ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്. സേവ് സിപിഎം എന്ന മുദ്രവാക‍്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.