തൊഴിലാളികളെ തഴയരുത്, മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല; എം.വി. ഗോവിന്ദനെതിരേയും രൂക്ഷ വിമർശനം
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാർക്കും വിമർശനം. മെറിറ്റും മൂല്യവും എപ്പോഴും പാർട്ടി സെക്രട്ടറി പറയുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കാണെന്നും വിമർശനം ഉയർന്നു. മന്ത്രിമാരുടെ പ്രവർത്തം മോശമാണ്. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
നല്ല കാര്യങ്ങൾ വരുമ്പോൾ സർക്കാർ വെള്ളത്തിൽ നഞ്ചു കലക്കും പോലെ ചിലത് ചെയ്യുകയാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ആശാ വർക്കർമാരുടെ സമരം നടക്കുമ്പോൾ പിഎസ്സി അംഗങ്ങളുടെ ശമ്പളം പരിഷ്ക്കരിച്ചതിലും വിമർശനം ഉയർന്നു. പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ചീത്തപേരുണ്ടാക്കി.
വമ്പൻ വ്യവസായങ്ങൾക്ക് പുറകെ പോവുമ്പോൾ അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും പ്രതിനിധികൽ പറഞ്ഞു. കയർ തൊഴിലാളികളെ രണ്ടാം പിണറായി സർക്കാർ തഴഞ്ഞു. പാർട്ടിയുടെ അടിത്തറ തൊഴിലാളികളാമെന്ന് മറക്കരുതെന്നും ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജൻ വിമർശിച്ചു. മുഖ്യമന്ത്രിക്ക് ചർച്ചയിൽ പ്രശംസ. വിമർശനങ്ങളെ ഒറ്റക്കെട്ടായി മുഖ്യമന്ത്രി നേരിടുന്നു. സർക്കാരിന് നേരെ വരുന്ന വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടാൻ എല്ലാ മന്ത്രിമാരും തയാറാവണമെന്നും കൊല്ലത്തു നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു