തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ ഐജി ഗുഗുലോത്ത് ലക്ഷ്മണയ്‌ക്കെതിരെ വകുപ്പു തല റിപ്പോർട്ട്. മോൻസന്‍റെ തട്ടിപ്പുകൾക്ക് ഐജി കൂട്ടു നിന്നെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എഡിജിപി ടി.കെ. വിനോദാണ് വകുപ്പു തല അന്വേഷണം നടത്തിയത്.
അന്വേഷണ റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ലക്ഷ്മണിന്‍റെ എഡിജിപി സ്ഥാനക്കയറ്റം തടഞ്ഞുവച്ചിരിക്കുന്നത്. ഐജിക്ക് പുറമേ മുൻ ഡിഐജി സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർ ഹാജരാവാനുള്ള നോട്ടീസ് ഉടൻ തന്നെ അയക്കുമെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നു ലഭിക്കുന്ന വിവരം.
അതേസമയം, മോൻസൻ കേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനോട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹാജരാവില്ലെന്ന് അറിയിച്ചതോടെ ചോദ്യം ചെയ്യലിന് സമയം നീട്ടി നൽകി. ജൂൺ 23 ന് ഹാജരാവാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നൽകിയ പുതുക്കിയ തീയതി.