തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾക്കെതിരെ മാത്രം തുടർ നടപടി കടുപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് അതൃപ്തി. കൃഷി വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയെങ്കിലും മതാടിസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കിയെന്ന കുറ്റം തെളിയിക്കപ്പെട്ട മുൻ വ്യവസായ ഡയറക്‌ടർ കെ. ഗോപാലകൃഷ്ണനെ പ്രധാന കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയതിലാണ് ഐഎഎസ് ഉദ്യോഗസ്ഥരിൽ എതിർപ്പ് പുകയുന്നത്.
മതാടിസ്ഥാനത്തിലെ വാട്സാപ് ഗ്രൂപ്പ് രൂപീകരണത്തില്‍ മുന്‍ വ്യവസായ ഡയറക്റ്റര്‍ കെ. ഗോപാലകൃഷ്ണന്‍ കാണിച്ചത് അടിമുടി കള്ളത്തരമെന്ന് വ്യക്തമാക്കുന്ന ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തെളിവ് നശിപ്പിച്ചെന്നും വ്യാജപരാതി നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടും ചീഫ് സെക്രട്ടറി നല്‍കിയ കുറ്റാരോപണ മെമ്മോയില്‍ ഗുരുതരമായ ഭാഗം ഉള്‍പ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. എന്നാൽ, അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് സസ്പെന്‍ഷനിലായ പ്രശാന്തിനെതിരെ നിലപാട് കടുപ്പിക്കുന്നതാണ് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോയെന്നും ഒരുവിഭാഗം മുതിർന്ന ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
സസ്പെൻഷനുള്ള കാരണങ്ങളാണ് പ്രശാന്തിന് ലഭിച്ച മെമ്മോയിൽ പറയുന്നത്. അഡീ. ചീഫ് സെക്രട്ടറി എ.ജയതിലകിനെ വിമർശിച്ചതിനാണ് സസ്പെൻഷൻ ലഭിച്ചത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് വിശദീകരണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. ഇതും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു.
നവംബർ 11നാണ് എൻ. പ്രശാന്തിനെയും ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തത്. ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതിനെ തുടർന്നായിരുന്നു നടപടി. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്‍റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 'ഉന്നതി' സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ ജയതിലകാണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ വിമർശനമാണ് സസ്പെൻഷൻ വിളിച്ചു വരുത്തിയത്.
അതേസമയം, ആദ്യം ഒരു കള്ളത്തരം, അതില്‍ നിന്ന് രക്ഷപെടാനായി തുടരെ തുടരെ കള്ളത്തരങ്ങൾ എന്നാണ് കെ.ഗോപാലകൃഷ്ണനെതിരായ പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. ഒക്ടോബര്‍ 31ന് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പുണ്ടാക്കി. അതിനെ ഗ്രൂപ്പിലുള്ളവര്‍ ചോദ്യം ചെയ്തപ്പോള്‍ ഹാക്കിങ്ങാണെന്ന് വരുത്താന്‍ മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചു. പിന്നീട് മൂന്ന് ദിവസം അനങ്ങാതിരുന്ന ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ. എന്നാല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. നാലിന് പരാതി നല്‍കിയപ്പോള്‍ ഫോണ്‍ പൊലീസിന് കൈമാറിയില്ല. പൊലീസ് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ വാട്സപ്പില്ലാത്ത ഫോണ്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമം. യഥാർഥ ഫോണ്‍ വേണമെന്ന് പൊലീസ് ആവര്‍ത്തിച്ചതോടെ രണ്ട് തവണ കൂടി ഫോര്‍മാറ്റ് ചെയ്ത ശേഷം ഫോണ്‍ കൈമാറി.
മൂന്ന് തവണ തുടര്‍ച്ചയായി ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവെല്ലാം നശിപ്പിച്ചെന്നാണ് തിരുവനന്തപുരം കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കി വിഭാഗീയതക്ക് ശ്രമിച്ചതിന് പുറമെ ഹാക്ക് ചെയ്തെന്ന വ്യാജപരാതി നല്‍കി തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ കൂടി ചെയ്തെന്ന് വ്യക്തം.എന്നാല്‍ ചീഫ് സെക്രട്ടറി നല്‍കിയ കുറ്റാരോപണ മെമ്മോയില്‍ മതാടിസ്ഥാനത്തിലെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചുള്ള വിഭാഗീയതക്കപ്പുറം മറ്റ് കുറ്റങ്ങളൊന്നും പറയുന്നില്ല. ഇത് ഗോപാലകൃഷ്ണനെ രക്ഷിക്കാനാണെന്ന ആക്ഷേപമാണ് ഐഎഎസുകാര്‍ക്കിടയില്‍ തന്നെ ശക്തമാകുന്നത്.