മന്ത്രി വീണാ ജോർജ്, ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ നിന്ന് ഉപകരണം കാണാനില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ ആരോപണം തളളി ഡോ. ഹാരിസ് ചിറക്കൽ. എല്ലാ വർഷവും ഓഡിറ്റ് നടക്കുന്നതാണെന്നും ഉപകരണങ്ങളോ ഉപകരണ ഭാഗങ്ങളോ കാണാതായിട്ടില്ലെന്നും ഹാരിസ് വ്യക്തമാക്കി.
20 ലക്ഷം രൂപ വിലവരുന്ന ഓസിലോസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് നേരത്തേ വീണാ ജോർജ് പറഞ്ഞത്.
ഓസിലോസ്കോപ്പിന് 20 ലക്ഷം രൂപയില്ല. 14 ലക്ഷം രൂപയുടെതാണ്. അതിനകത്ത് എല്ലാ ഉപകരണങ്ങളുമുണ്ട്. കലക്റ്ററുടെ ഓഫീസിൽ അതിന്‍റെ ഫോട്ടോ എടുത്ത് കൊടുത്തതാണ്. ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്നും എടുത്തതാണ്. ഒരുപാട് ഉപകരണങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധസമിതിക്ക് മുഴുവനായി പരിശോധിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും ഹാരിസ് പറഞ്ഞു.
ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടുവരുത്തിയെന്ന് വിദഗ്ധസമിതി പറയാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാൽ എല്ലാ ഉപകരണങ്ങൾക്കും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു