ശുചിമുറിയുടെ ഭിത്തി തുരന്ന് രക്ഷപ്പെട്ടത് ഡിസംബറിൽ, ദൃശ്യ കൊലക്കേസ് പ്രതി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന വിനീഷിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. രക്ഷപ്പെട്ട് നാല് മാസത്തിനു ശേഷമാണ് ഇയാൾ പിടിയിലാവുന്നത്.
കഴിഞ്ഞ ഡിസംബർ 30നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിനീഷ് ചാടിപ്പോകുന്നത്. ശുചിമുറിയുടെ ചുമര് തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. കഴിഞ്ഞ 3 മാസങ്ങളിലായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. അങ്ങനെയാണ് വിനീഷിന്‍റെ ടവര്‍ ലൊക്കേഷൻ പൊലീസ് മനസിലാക്കുന്നത്. തുടർന്ന് അന്വേഷണ സംഘം മുംബൈയിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ശനിയാഴ്ച റെയിൽവേ പൊലീസാണ് വിനീഷിനെ പിടികൂടി പൊലീസിന് കൈമാറിയത്. ഞായറാഴ്ച രാവിലെയോടെ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്‍റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2022 ൽ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്തും ഇയാൾ കുതിരവട്ടത്തുനിന്ന് ചാടിപ്പോയെങ്കിലും പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവമുണ്ടായി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ 10ന് ഇയാളെ വിനീഷിനെ വീണ്ടും കുതിരവട്ടത്ത് എത്തിച്ചത്. തുടർന്നാണ് വീണ്ടും രക്ഷപ്പെട്ടത്.