രാഷ്ട്രപതി ദ്രൗപദി മുർമു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൽ വിഭാഗം. ഒക്റ്റോബർ 21 നാണ് രാഷ്ട്രപതി കേരളത്തിലെത്തുക. ഇത് ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
21 ന് വൈകിട്ട് തിരുവനന്തപുരത്തെത്തി രാജ്ഭവനിൽ വിശ്രമിക്കും. 22 ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്തെത്തും വിധമാണ് ക്രമീകരണം. ഹെലിക്കോപ്റ്റർ മാർഗമാവും നിലക്കലിലെത്തുക. അവിടെ നിന്നും കാർ മാർഗം പമ്പയിലേക്ക്. പമ്പയിൽ സ്നാനം ചെയ്തേക്കുമെന്നും ഷെഡ്യൂളിലുണ്ട്. മലകയറും മുൻപ് പമ്പയിൽ വച്ച് ഇരുമുടിക്കെട്ട് നിറയ്ക്കും. അവിടെ നിന്നും സന്നിധാനത്തേക്ക് ദേവസ്വം ബോർഡിന്‍റെ ഗൂർഖ ജീപ്പിലായിരിക്കും യാത്ര.
ബ്ലൂ ബുക്ക് പ്രകാരം കനത്ത സുരക്ഷയിലാവും യാത്ര. ഗൂര്‍ഖ എങ്ങനെയായിരിക്കണം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പോവേണ്ടത് എന്നത് സംബന്ധിച്ച റിഹേഴ്‌സല്‍ ചെയ്യുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ റിഹേഴ്സൽ. രാഷ്ട്രപതിക്കൊപ്പം 5 പേരാവും വാഹനത്തിലുണ്ടാവുക. മറ്റു അകമ്പടി ജീപ്പുകള്‍, മെഡിക്കല്‍ സംഘം, സുരക്ഷാ സംഘം എന്നിവരുമുണ്ടാകും.
ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമം. തുടർന്ന് ജീപ്പിൽ തന്നെ മടക്കം. വൈകിട്ടോടെ ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്തേക്ക്. 21, 22 തീയതികളില്‍ ദേവസ്വം ബോര്‍ഡ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സ്ലോട്ട് ഓപ്പണ്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഉണ്ടായിരിക്കില്ല.