ചോക്ലേറ്റ് കഴിച്ച 4 വയസുകാരൻ അബോധാവസ്ഥയിൽ; ചോക്ലേറ്റിൽ ലഹരിയുടെ അംശമെന്ന് ആരോപണം
കോട്ടയം: സ്കൂളിൽ നിന്ന് ചോക്ലേറ്റ് കഴിച്ച നാല് വയസുകാരൻ അബോധാവസ്ഥയിലായി. കുട്ടി കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ ആരോപിച്ചിട്ടുണ്ട്. കോട്ടയം മണർകാട് അങ്ങാടിവയൽ സ്വദേശികളുടെ മകനാണ് ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്തിയിരുന്നു. ജനുവരി 17നാണ് സംഭവം. കുട്ടി അസാധാരണമായി ഉറങ്ങുന്നത് കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ സ്കൂൾ അധികൃതർ ഇക്കാര്യം തള്ളിയിട്ടുണ്ട്. തുടർ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിനും കലക്റ്റർക്കും പരാതി നൽകിയിട്ടുണ്ട്.