.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കേരളത്തിൽ മൺസൂണിന്‍റെ മാസ് എൻട്രി
അജയൻ
ജൂൺ ഒന്നിന് സ്കൂൾ തുറപ്പിനൊപ്പം വരുന്നതാണ് പതിവ്. പക്ഷേ, ഇത്തവണ എട്ടു ദിവസം നേരത്തെയാണ്. മേയ് 24ന്, അതായത് ശനിയാഴ്ച തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ വിരുന്നെത്തിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ ചിതറിവീഴുന്ന ഇടവപ്പാതിയുടെ ആദ്യത്തെ തുള്ളികൾ വെറും മഴയല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം മൺസൂൺ വിളംബരം ചെയ്യുന്ന കേളികൊട്ടാണത്. 2009ൽ ഇതുപോലെ നേരത്തേ വന്നിട്ടുണ്ട് ഇടവപ്പാതി, അന്ന് മേയ് 23നായിരുന്നു കീഴ്‌വഴക്കം ലംഘിച്ച പര്യടനത്തിന്‍റെ തുടക്കം. 1975 മുതലുള്ള കണക്കുകൾ നോക്കിയാൽ, രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നേരത്തേ ഇടവപ്പാതി എത്തിയിട്ടുള്ളത് 1990ലാണ്. അത് ശരിക്കും ഇടവപ്പാതിയല്ല, ഇടവത്തുടക്കം തന്നെയായിരുന്നു- മേയ് 19ന്!
അറേബ്യൻ സമുദ്രവ്യവസ്ഥയിൽ ന്യൂനമർദം രൂപപ്പെടുന്നുണ്ടെന്നും, ഉയരം അധികമില്ലാത്ത മേഘങ്ങൾ കേരള തീരത്തേക്ക് അടുക്കുന്നുണ്ടെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കാലാവസ്ഥാ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു. മധ്യവേനലും കഴിഞ്ഞ് ഇടവപ്പാതി വരാനുള്ള കാത്തിരിപ്പിന് ആക്കം കൂട്ടാറുണ്ട്, ഏപ്രിൽ - മേയ് മാസത്തെ ഉഷ്ണം. ഇക്കുറി റോഡുകൾ തകരുന്നതും, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും കണ്ടുകൊണ്ടാണ് ഈ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കേരളത്തിലുടനീളം ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചുകഴിഞ്ഞു.
മേയ് 24 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മേയ് 29 വരെ ഇതേ രീതിയിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച റെഡ് അലെർട്ടാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് 26ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലെർട്ട്. മറ്റ് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മേയ് 27ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും റെഡ് അലെർട്ടുണ്ട്.
അതേസമയം, കാലവർഷം നേരത്തെ എത്തിയതിനെക്കുറിച്ച് അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ട്. മഴ പതിവിലേറെയാകാമെന്നും പ്രളയമുണ്ടാകാമെന്നും, അതല്ല, നേരത്തെ തുടങ്ങിയ മഴ തുടർന്നങ്ങോട്ട് ശുഷ്കമാകാമെന്നുമൊക്കെയാണ് ഊഹാപോഹങ്ങൾ. എന്നാൽ, കാലവർഷം ആരംഭിക്കുന്ന സമയവും രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ലഭിക്കുന്ന മൊത്തം മഴയുടെ അളവും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വിശദീകരിക്കുന്നത്.
എന്നുമാത്രമല്ല, കേരളത്തിൽ മൺസൂൺ നേരത്തെ എത്തി എന്നത്, ഉപഭൂഖണ്ഡത്തിലാകെ മൺസൂൺ എങ്ങനെ വ്യാപിക്കുമെന്നതിനെക്കുറിച്ചു പോലും വ്യക്തമായ സൂചനകൾ നൽകുന്നില്ല. എന്നിരുന്നാലും, ഇത്തവണ ഇടവപ്പാതിയുടെ തീവ്രതയുടെ ലക്ഷണങ്ങൾ വന്ന ദിവസം തന്നെ ദൃശ്യമാണ്. കർണാടകയിലും മഹാരാഷ്ട്രയിലും മൺസൂൺ വർധിച്ച തീവ്രതയോടെ മഴ പെയ്യിച്ചുകൊണ്ടിരിക്കുന്നു.
ഈ വർഷത്തെ മൺസൂൺ സീസണിൽ സാധാരണയിലേതിനെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ഏപ്രിലിൽ തന്നെ കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനമുണ്ടായിരുന്നു. കൂടാതെ എൽ നിനോ (മധ്യ പസഫിക് സമുദ്രത്തിലെ ചൂടിന്‍റെ ഫലം) സാഹചര്യങ്ങളുടെ സാധ്യതയും തള്ളിക്കളഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴ കുറയാൻ ഇടയാക്കുന്ന പ്രതിഭാസമാണ് എൽ നിനോ. ആ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ, ഇടവപ്പാതിയുടെ മാസ് എൻട്രി വരും ദിവസങ്ങളിലും ബ്ലോക്ക് ബസ്റ്ററായി തന്നെ തുടരുമെന്നു വേണം കരുതാൻ.