വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടുന്ന താരങ്ങളിൽ അർഹരായ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വീടുവച്ച് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കായികമേളയിൽ പങ്കെടുത്ത ചില താരങ്ങളുടെ വീടിന്‍റെ അവസ്ഥ നേരിട്ടറിഞ്ഞു. അതിൽ സ്വർണം നേടിയവരും മീറ്റ് റെക്കോഡ് കുറിച്ചവരുമുണ്ട്- ശിവൻകുട്ടി പറഞ്ഞു.
ഇടുക്കി സ്വദേശി ദേവപ്രിയയ്ക്ക് സിപിഎം ജില്ലാ കമ്മിറ്റി വീടുവച്ച് കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ദേവനന്ദയ്ക്കായി കേരള സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വീട് നിർമിക്കും. പദ്ധതിക്ക് കീഴിൽ വീടുവച്ചു നൽകാൻ താത്പര്യമുള്ളവർ രംഗത്തുവന്നാൽ പാവപ്പെട്ട കായിക പ്രതിഭകൾക്ക് അതു വലിയ കൈത്താങ്ങാകും. സ്കൂൾതലം മുതലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പോർട്സ് മാന്വൽ പരിഷ്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.