കിഫ്ബി കരുത്തിൽ തുരങ്കപാത; നിർമാണോദ്ഘാടനം ഞായറാഴ്ച

 
Kerala

കിഫ്ബി കരുത്തിൽ തുരങ്കപാത; നിർമാണോദ്ഘാടനം ഞായറാഴ്ച

രാജ്യത്തെ രണ്ടാമത്തെ ദൈർഘ്യമേറിയ ഇരട്ട തുരങ്കപാത കേരളത്തിൽ യാഥാർഥ്യമാകുന്നു, കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കും.

Thiruvananthapuram Bureau

കോഴിക്കോട്: രാജ്യത്തെ രണ്ടാമത്തെ ദൈർഘ്യമേറിയ ഇരട്ട തുരങ്കപാത കേരളത്തിൽ യാഥാർഥ്യമാകുന്നു. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം ഞായറാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജൻ നിർവഹിക്കും.

ആനക്കാംപൊയിൽ സെന്‍റ് മേരീസ് യുപി സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരും എംപിമാരും എംഎൽഎമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂഹിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

പൊതുവിൽ കേരളത്തിന്‍റെയും പ്രത്യേകിച്ച് കോഴിക്കോട്, വയനാട് ജില്ലകളുടെയും സമഗ്ര വികസനത്തിനു സഹായകമാകുന്നതാണ് പദ്ധതി. കിഫ്ബിയുടെ ധനസഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമിക്കുന്നത്.‌

താമരശേരി ചുരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതാണ് തുരങ്കപാത. കൊച്ചി - ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായിരിക്കും ഇത്. ടൂറിസം മേഖലയിലും അനന്തമായ സാധ്യതകൾ തുറന്നിടുന്നതാണ് പുതിയ തുരങ്കപാത.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥികളായിരിക്കും. പ്രിയങ്ക ഗാന്ധി എംപി, എംഎൽഎമാരായ ലിന്‍റോ ജോസഫ്, ടി. സിദ്ധിഖ്, പി.ടി.എ. റഹിം, ജോർജ് എം. തോമസ്, സി.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു ഐഎഎസ്, കോഴിക്കോട് ജില്ലാ കലക്റ്റർ സ്നേഹിൽ കുമാർ സിങ് ഐഎഎസ്, തുരങ്കപാത പദ്ധതിയുടെ നോഡൽ ഓഫിസർ വി.കെ. ഹാഷിം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. അഷ്റഫ് താമരശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മർക്കസ് നോളജ് സിറ്റി എംഡി ഡോ. എം.എ.എച്ച്. അസ്ഹരി, ശിവഗിരി മഠം സ്വാമി ജ്ഞാനതീർഥാനന്ദ തുടങ്ങിയവർ പങ്കെടുക്കും.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ