Rain drops, representative image Image by tawatchai07 on Freepik
Kerala

എൽ നിനോ പ്രഭാവം: മഴയിൽ 39% കുറവ്, ഇനി തുലാർഷം കനിയണം

ഇടവപ്പാതിക്കാലത്ത് മധ്യവേനലിനെ വെല്ലുന്ന ഉഷ്ണം, കേരളം ആശങ്കയിലാണ്. തുലാവർഷം കൂടി ചതിച്ചാൽ ഈ വർഷം വരൾച്ച കവർന്നെടുത്തെന്നു കരുതുകയേ നിവൃത്തിയുള്ളൂ.

VK SANJU

അജയൻ

കർക്കടകം കഴിയാൻ ദിവസങ്ങൾ മാത്രമാണു ബാക്കി. ഇഴ മുറിയാതെ മഴ പെയ്യേണ്ട മാസത്തിൽ ഇപ്പോൾ അത്യുഷ്ണമാണ്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് ഈ സീസണിൽ കിട്ടേണ്ട മഴയിൽ 39% കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.

ശാന്തസമുദ്രത്തിനു മീതേ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന എൽ നിനോ പ്രതിഭാസമാണ് ഇതിനു കാരണമായി കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു വർഷത്തോളം ഇതു തുടരുമെന്നാണ് കണക്കാക്കുന്നത്.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എൽ നിനോ രൂപംകൊള്ളുന്നത്. 2015-16 കാലഘട്ടത്തിലായിരുന്നു ഇതിനു മുൻപ്; അന്നു കേരളം കടുത്ത വരൾച്ച നേരിടുകയും ചെയ്തിരുന്നു. ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന ശാന്തസമുദ്ര ഭാഗത്തെ ഉപരിതല താപനിലയിൽ അസാധാരണ വർധനയുണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസത്തെയാണ് എൽ നിനോ എന്നു പറയുന്നത്. ഇതുള്ള വർഷങ്ങളിൽ മൺസൂൺ മഴ കുറയുകയും വരൾച്ചയ്ക്കു കാരണമാകുകയും ചെയ്യും.

അതേസമയം, കേരളത്തെ സംബന്ധിച്ച് എൽ നിനോ കാരണം ഇടവപ്പാതിയിൽ കുറവ് വന്നാലും തുലാവർഷം സമൃദ്ധമായി പെയ്യുന്നതാണ് പതിവ്. 2016ലാണ് ഈ പതിവിൽ ഗണ്യമായ വ്യത്യാസം കണ്ടത്. അന്നു ഇടവപ്പാതിയും തുലവർഷവും ഒരുപോലെ ദുർബലമായിരുന്നു. എന്നാൽ, ഈ വർഷവും അങ്ങനെ സംഭവിക്കണമെന്നു നിർബന്ധമില്ലെന്നും വിദഗ്ധർ പറയുന്നു.

കേരളത്തിലെ വരൾച്ചാ വർഷങ്ങളുടെ ആവൃത്തി സമീപ ദശാബ്ദങ്ങളിൽ വർധിച്ചുവരുന്നതായാണ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

2015ലും ഇടവപ്പാതി ദുർബലമായിരുന്നെങ്കിലും, 2016ലേതു പോലെ വാർഷിക മഴ ലഭ്യതയിൽ വലിയ കുറവ് വരുകയോ വരൾച്ച രൂക്ഷമാകുകയോ ചെയ്തിരുന്നില്ല. ശക്തമായ തുലാവർഷം ലഭിച്ചതായിരുന്നു കാരണം. അതേസമയം, 2016ൽ തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) രാജ്യത്ത് സാധാരണനിലയിൽ ലഭിച്ചിട്ടും കേരളത്തിൽ കുറവായിരുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം, രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ ലഭിക്കുന്ന മഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതിന്‍റെ ഉദാഹരണമാണിത്.

നിലവിൽ മഴ കുറവായ ഇടവപ്പാതി കാലത്തിന്‍റേതിനു സമാനമായ താപനിലയാണ് സമുദ്രോപരിതലത്തിൽ ഇപ്പോഴുള്ളതെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളിൽ വ്യക്തമാണ്.

ജൂൺ ഒന്നു മുതൽ ഇതുവരെ കേരളത്തിന് ലഭിക്കേണ്ട ശരാശരി മഴ 1426.3 മില്ലീമീറ്ററാണ്. ഈ വർഷം ലഭിച്ചത് 867.9 മില്ലീമീറ്റർ മാത്രം. ഓഗസ്റ്റ് മൂന്നാം വാരം മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെങ്കിലും, ഈ കുറവ് പരിഹരിക്കാൻ പര്യാപ്തമായിരിക്കില്ലെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. കേരളത്തിലെ അണക്കെട്ടുകളെല്ലാം പാതി മാത്രം നിറഞ്ഞ അവസ്ഥയിലാണിപ്പോൾ. തുലാവർഷം കടുത്തില്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്നതിന്‍റെ സൂചനകളാണ് എവിടെയും.

ഉയരുന്ന താപനില കേരളത്തിലെമ്പാടും ആശങ്കയ്ക്കു കാരണമായിരുന്നു. 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരെയെത്തിയ ചൂടിനൊപ്പം അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് ഉയർന്ന് നിൽക്കുന്നത് ഏറെ അസ്വാസ്ഥ്യജനകമായ അവസ്ഥയാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ വേനൽ അനുഭവപ്പെടുന്ന ഭൗമ മേഖലയിലാണ് കേരളം നിലകൊള്ളുന്നതെങ്കിലും, ഇടവപ്പാതിയുടെ സഹായം കൊണ്ടാണ് ഇവിടെ അത് സാധാരണഗതിയിൽ അനുഭവപ്പെടാതിരിക്കുന്നത്. മൺസൂൺ കാറ്റിന്‍റെ ഘടനയിൽ മാറ്റം വന്ന ഈ വർഷം കൊടും ചൂട് അനുഭവപ്പെടാൻ കാരണവും ഇതുതന്നെയാണ്.

''ജനം പുറത്താക്കിയ സർക്കാരിന്‍റെ സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ''

യുഡിഎഫിനു നേരിയ മുൻതൂക്കം, തൂക്കുസഭയ്ക്കും സാധ്യത: ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലീഗിന്‍റെ പിന്തുണ

മരിച്ചതിനു തെളിവായി അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

"പിണറായി ശുദ്ധൻ, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസ് ശരിയല്ല", വെള്ളാപ്പള്ളി