ന‍്യൂഡൽഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ‍്യം സുപ്രീം കോടതി തള്ളി. കേസിൽ അടിയന്തിരമായി വാദം കേൾക്കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരേ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ തടയാനുള്ള ശ്രമമാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വാദിച്ചു. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ 2024 ഡിസംബറിലാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ആനകളെ എഴുന്നള്ളിക്കുന്ന സമയത്ത് ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണം, തീവെട്ടികളിൽ നിന്നും അഞ്ച് മീറ്റർ ദൂരപരിധി വേണം, ആനകളിൽ നിന്ന് എട്ട് മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താൻ പാടുള്ളൂ തുടങ്ങിയ മാർഗനിർദേശങ്ങളായിരുന്നു ഹൈക്കോടതി നൽകിയത്. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ചട്ടങ്ങൾ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി ആവർത്തിച്ചു.