പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമാണ് കേരളത്തിന്‍റേത്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂർ: കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മാറിയെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂർ ജില്ലയിലെ എന്‍റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ കൂട്ടായ്മയോടെ അതിജീവിച്ച ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്. സമസ്ത മേഖലകളിലും പുരോഗതി കൈവരിക്കാൻ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പൊലീസ് മൈതാനിയിലാണ് മേള സംഘടിപ്പിക്കുന്നത്. മേയ് 14 വരെ മേള നീണ്ടു നിൽക്കും. എംഎൽഎ കെ.കെ. ശൈലജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫോർമേഷൻ ഓഫിസ് തയാറാക്കിയ സ്മൃതിയുണർത്തിയ മ്യൂസിയങ്ങൾ എന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. എംഎൽഎമാരായ കെ.പി. മോഹനൻ, കെ.വി. സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രത്നകുമാരി, കലക്റ്റർ അരുൺ കെ.വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യൻ, ജില്ലാ ഇൻഫോർമേഷൻ ഓഫിസർ പി.പി. വിനീഷ്, ജനതാദൾ എസ്, കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ബി നേതാക്കൾ എന്നിവർ പങ്കെടുത്തു.
മേളയുടെ ഭാഗമായുള്ള സ്റ്റാർട്ടപ്പുകളുടെ നാട് എന്ന സെമിനാറിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രത്നകുമാരി നിർവഹിച്ചു. നാടിന്‍റെ മുന്നേറ്റവും വികസനങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ടൂറിസം, പൊതുമരാമത്ത്, കൃഷി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജലസേചനം, കായികം, തുടങ്ങിയ വകുപ്പുകളുടെ അടക്കം 251 സ്റ്റാളുകളാണ് മേളയിലുള്ളത്. എല്ലാ ദിവസവും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.