തിരുവനന്തപുരം: പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനേയും കുടുംബത്തേയും വേട്ടയാടി അതിലൂടെ പാർട്ടിയെ ലക്ഷ്യമിടുന്ന ഇപ്പോഴത്തെ ഡീലിന് എന്താണ് പകരം നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഓഫർ ചെയ്തിരിക്കുന്നതെന്ന് അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തുവരുമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
പിണറായി വിജയനെ ഭയന്ന് സഭയിൽ ഇരിക്കാൻ കഴിയാത്ത ഭരണപക്ഷം ഈ രീതിയിൽ വിരട്ടാനും ഭയപ്പടുത്താനും നടത്തുന്ന ശ്രമങ്ങളൊന്നും വിലപ്പോകില്ല. ഇതിനെതിരെ കേരള ജനത ഒന്നിക്കും. ഈ ഡീലിനെ പ്രതിരോധിക്കാൻ എല്ലാവിഭാഗം ജനങ്ങളും തെരുവിലിറങ്ങുമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
കോൺഗ്രസ് - ബിജെപി ഡീലിന്‍റെ ഒന്നാം അദ്ധ്യായം ചീഫ് ഇലക്ഷൻ കമ്മീഷ്ണറെ വി.ഡി സതീഷന്റെ സെക്രട്ടറിയാക്കിയതോടെ അവസാനിച്ചു. ഇ.ഡിയെ വെച്ചുള്ള രണ്ടാം അദ്ധ്യായമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയായ വി. ഡി സതീശൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
അതിന്‍റെ തുടർച്ചയാണ് ഇപ്പോൾ ഇ.ഡിയെ വെച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ നാടകം. സഖാവ് പിണറായി വിജയനേയും കുടുംബത്തേയും വേട്ടയാടി അതിലൂടെ പാർട്ടിയെ ലക്ഷ്യമിടുന്ന ഇപ്പോഴത്തെ ഡീലിന് എന്താണ് പകരം നൽകാൻ കോൺഗ്രസുകാരനായ മുഖ്യമന്ത്രി വിഡി സതീശൻ ഓഫർ ചെയ്തിരിക്കുന്നതെന്ന് അടുത്ത ദിവസങ്ങളിൽ തന്നെ പുറത്തുവരും. കേന്ദ്രസർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മുഴുവൻ വേട്ടയാടുന്നു എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുന്ന രാഹുൽഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വത്തെ വിഢികളാക്കിയാണ് വി.ഡി സതീശന്‍റെ ഈ ബിജെപി ഡീൽ.
ഉദ്ധിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോലെ കേരളത്തിലെ പോലീസിനെ വരെ ഉപയോഗിച്ച് നടത്തുന്ന ഇപ്പോഴത്തെ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവായ പിണറായി വിജയനെ ഭയന്ന് സഭയിൽ ഇരിക്കാൻ കഴിയാത്ത ഭരണപക്ഷം ഈ രീതിയിൽ വിരട്ടാനും ഭയപ്പടുത്താനും നടത്തുന്ന ശ്രമങ്ങളൊന്നും വിലപ്പോകില്ല. ഇതിനെതിരെ കേരള ജനത ഒന്നിക്കും. ഈ ഡീലിനെ പ്രതിരോധിക്കാൻ എല്ലാവിഭാഗം ജനങ്ങളും തെരുവിലിറങ്ങും