ആന്‍റണി രാജു

 
Kerala

''നീതി​നിർവഹണത്തിന്‍റെ അടിത്തറയെ തന്നെ തകർക്കുന്ന നടപടി'': ആന്‍റണി രാജുവിനും ജോസിനുമെതിരേ വിധിയിൽ കടുത്ത പരാമര്‍ശം

നിയമത്തെപ്പറ്റി വ്യക്തമായ ബോധമുള്ള ഇവർ ചെയ്ത കുറ്റം നിസാരമായി കാണാൻ സാധിക്കി​ല്ല

Namitha Mohanan

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിലെ പ്രതിയായ ആന്‍റണി രാജുവിനും കൂട്ടുപ്രതിയായ കോ​ട​തി ക്ലർക്ക് ജോസിനുമെതിരേ വിധിയിൽ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. കുറ്റകൃത്യം നടത്തിയവർ കോടതി ഉദ്യോഗസ്ഥനും അഭിഭാഷകനുമാണെന്നത് ഗൗരവമേറിയ കാര്യമാണെ​ന്നും, നീതി​നിർവഹണത്തിന്‍റെ അടിത്തറയെ തന്നെ തകർക്കുന്ന നടപടിയാണ് ഇരുവരുടേതെന്നും കോടതി ഉത്തരവിൽ പറയുന്നു.

നിയമത്തെപ്പറ്റി വ്യക്തമായ ബോധമുള്ള ഇവർ ചെയ്ത കുറ്റം നിസാരമായി കാണാൻ സാധിക്കി​ല്ല. കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്‍റണി രാജു തൊണ്ടി മുതൽ വാങ്ങിയത്. കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതൽ ആന്‍റണി രാജുവിന് കൈമാറിയത്. ഇതേക്കുറിച്ച് 3 ​മാസത്തോളം ജോസ് മിണ്ടിയി​ല്ല. പിന്നീട് തൊണ്ടി മുതൽ പരിശോധിക്കാതെ തിരികെ വാങ്ങി.

ഇതാണ് ക്രമക്കേടിന് ഇടയാക്കിയത്. വെറുമൊരു വീഴ്ചയായി ഇതിനെ കാണാൻ കഴിയില്ല. തൊണ്ടി മുതൽ വാങ്ങാൻ ഒരു അധികാരവും ആന്‍റണി രാജുവിനില്ല. ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ട്- കോടതി വ്യ​ക്ത​മാ​ക്കി. തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജരേഖ ഉണ്ടാക്കൽ എന്നിവയ്ക്കാണ് ആന്‍റണി രാജുവിനെയും ജോസിനെയും കോടതി തടവ് ശിക്ഷക്ക് വിധിച്ചത്.

പൂന്തുറ പൊലീസ് ഇൻസ്പെക്റ്റർ ജയമോഹ​നാ​ണ് കുറ്റപത്രം സമര്‍പ്പിച്ച​ത്. ​ പ്രതിയുടെ സ്വകാര്യ വസ്തുക്കള്‍ വിട്ടുകൊടുക്കാനുള്ള കോടതി ഉത്തരവിന്‍റെ മറവിലാണ് തൊണ്ടിയാ​യ അ​ടി​വ​സ്ത്രം കടത്തിയത്. പിന്നീട് ആ ​അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച ഹൈക്കോടതി വിദേശിയെ വെറുതെവിട്ടു. ഇതോടെ​ അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹന്‍ നിയമപോരാട്ടം തുടങ്ങി. അദ്ദേഹത്തിന്‍റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി അട്ടിമറി കണ്ടെത്തി.

വഞ്ചിയൂര്‍ പൊലീ​സ് 1994ല്‍ കേസെടുത്തുവെങ്കിലും പല തവണ അന്വേഷണം അട്ടിമറിച്ചു. വഞ്ചിയൂര്‍ കോടതിയില്‍ വര്‍ഷങ്ങളോളം കേസില്‍ വിചാരണ നടക്കാതെ കിടന്നു. ഒടുവില്‍ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോള്‍ 22 തവണ കേസ് പരിഗണിച്ച് മാറ്റി. വീണ്ടും കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ ആന്‍റണി രാജു കേസ് റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോയി. പക്ഷേ വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. ഒടുവിലാണ് നിര്‍ണായക വിധി പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് സ്വദേശി മരിച്ചു

മെഡിക്കൽ കോളജിലെ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം, സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 15കാരി, ഗുരുതര പരിക്ക്

ആന്‍റണി രാജു അയോഗ്യൻ; നിയമസഭ സെക്രട്ടറി വിജ്ഞാപനം ഇറക്കി

കോൺഗ്രസിൽ നിന്ന് അകന്ന് പോയിട്ടില്ല; ചില വാക്കുകൾ അടർത്തിയെടുത്ത് വിവാദമാക്കുന്നുവെന്ന് ശശി തരൂർ