എം.ബി. സന്തോഷ്
തിരുവനന്തപുരം: മലബാറിലെ മുസ്‌ലിം സമൂഹത്തിനിടയിൽ പടർന്നുപിടിക്കുന്ന വ്യായാമ കൂട്ടായ്മയെച്ചൊല്ലി പോര്. "മെക് 7' എന്ന വ്യായാമ കൂട്ടായ്മയക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും പഴയ പോപ്പുലർ ഫ്രണ്ടുമാണെന്നാണ് ആരോപണം. സിപിഎമ്മും സമസ്ത എപി സുന്നി വിഭാഗവും "മെക് 7'നെതിരേ പരസ്യമായി രംഗത്തെത്തിയപ്പോൾ മറ്റു കക്ഷികൾ പ്രതികരിച്ചിട്ടില്ല. അതേസമയം, പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച്ച് വിവര ശേഖരണം ആരംഭിച്ചു.
ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് "മെക് 7'. മലബാറിൽ 2 വർഷത്തിനുള്ളിൽ 1,000ത്തോളം യൂണിറ്റുകളായി വളർന്നു. മലയാളികൾ പ്രവാസജീവിതം നയിക്കുന്ന രാജ്യങ്ങളിലെല്ലാം "മെക് 7' കൂട്ടായ്മ പടരുകയാണ്.
ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് പുതിയ വ്യായാമ മുറയ്ക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പരസ്യമായി പൊതുയോഗത്തിൽ ആരോപിച്ചത് വൈറലായതോടെയാണ് "മെക് 7' എന്താണെന്ന് പൊതുസമൂഹം കൂടുതലായി അന്വേഷണം തുടങ്ങിയത്. 'മെക് 7' വ്യായാമ മുറയ്ക്കു വേണ്ടി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻമാരിൽ ചിലരെപ്പറ്റി അന്വേഷിച്ചപ്പോൾ അവർ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരാണ് എന്ന വിവരം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
"മെക് 7' ന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണെന്നും ഇവരുടെ ചതിയില്‍ സുന്നി വിശ്വാസികള്‍ പെട്ടുപോകരുതെന്നും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി മുന്നറിയിപ്പ് നല്‍കി. "മെക് 7' ദുരൂഹമെന്നാണ് സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരിന്‍റെ ആരോപണം. എന്‍ഡിഎഫിന്‍റെ ആദ്യ കാലഘട്ടത്തില്‍ ഇതുപോലെ കളരിയും വ്യായാമവും ഉപാധിയാക്കിയാണ് യുവാക്കളെ ആകര്‍ഷിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സദുദ്ദേശത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവനെന്നാണ് 'മെക് 7'ന്‍റെ അംബാസിഡര്‍ ബാവ അറയ്ക്കലിന്‍റെ വിശദീകരണം. തുറസായ സ്ഥാലങ്ങളില്‍ സുതാര്യതയോടെ നടത്തുന്നതാണ് ഈ വ്യായാമ മുറകള്‍.
വളരെയെളുപ്പം ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മുക്തമാകാൻ കഴിയുന്നത് കൊണ്ടും സൗജന്യമായി നൽകുന്നതു കൊണ്ടുമാണ് വേഗം പ്രചാരം ലഭിച്ചത്. എല്ലാ പാർട്ടികളിലും മതങ്ങളിലുള്ളവലും "മെക് 7'ന്‍റെ ഭാഗമാണ്. മലപ്പുറത്ത് ഒരു ഡസനോളം മുസ്‌ലിം ലീഗ് എംഎൽഎമാർ ഇത് പ്രാക്റ്റീസ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
'മെക് 7' എന്നാൽ...
ധ്യാനവും യോഗയും അക്യുപ്രഷറും ഉൾപ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമ മുറയടങ്ങിയ "മെക് 7' മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കൽ സ്വദേശിയും വിമുക്‌തഭടനുമായ പെരിങ്കടക്കാട് സലാഹുദ്ദീനാണ് 2012 ജൂലൈയിൽ രൂപം നൽകിയത്.
"മൾട്ടി എക്സർസൈസ് കോംപിനേഷൻ' എന്നതിന്‍റെ ചുരുക്കപ്പേരാണ് "മെക്'. ധ്യാനം, യോഗ, എയ്റോബിക്, ലളിത വ്യായാമം, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷർ, ഫെയ്സ് മസാജ് എന്നീ ഇനങ്ങളുടെ എണ്ണത്തെയാണ് "7 ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ 7 വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഏതു പ്രായക്കാർക്കും ലളിതമായി ചെയ്യാമെന്നും അത് ഗുണകരമാണെന്നുമാണ് അവകാശവാദം.