"പറന്നുയരാം കരുത്തോടെ' ക്യാംപെയിന് തുടക്കം

 

metro vaartha

Kerala

"പറന്നുയരാം കരുത്തോടെ' ക്യാംപെയിന് തുടക്കം

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

Reena Varghese

തിരുവനന്തപുരം: ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന "പറന്നുയരാം കരുത്തോടെ' സംസ്ഥാനതല ക്യാംപെയ്ന് തുടക്കമായി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ- വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്ത് ആനുപാതികമായ പങ്കാളിത്തം ഇനിയും നേടാൻ സാധിച്ചിട്ടില്ല എന്ന് മന്ത്രി പറഞ്ഞു. വിവാഹം, പ്രസവം തുടങ്ങിയ ജീവിത സാഹചര്യങ്ങൾ സ്ത്രീകളുടെ കരിയറിൽ തടസമാകരുത്. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സ്‌കില്ലിങ്, അപ്സ്‌കില്ലിങ് പ്രോഗ്രാമുകളിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നുവെന്നും സിനിമയടക്കമുള്ള തൊഴിലിടങ്ങളിൽ പോഷ് നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ബ്രാൻഡ് അംബാസഡറായ നടി മഞ്ജു വാരിയർ മഞ്ജു വാര്യർ പറഞ്ഞു. ചുറ്റുമുള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് തനിക്ക് പ്രചോദനം. കഠിനാധ്വാനത്തിലൂടെയും സ്വയം അപ്ഡേറ്റ് ചെയ്യുന്നതിലൂടെയും മാത്രമേ ആഗ്രഹിച്ച ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കൂ. തനിക്ക് എന്നും പ്രചോദനമായിട്ടുള്ള തന്‍റെ അമ്മയുടെയും ജെസിബി മുതൽ ലോറി വരെ ഓടിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെയും ഉദാഹരണങ്ങൾ അവർ പങ്കുവച്ചു.

വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ- ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഐജി എസ്. അജിതാബീഗം, വനിതാ കമ്മിഷൻ മെംബർ സെക്രട്ടറി കെ. ഹരികുമാർ, കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

'കഴിഞ്ഞ 10 വർഷത്തിൽ കേരളം മികച്ച മുന്നേറ്റം നടത്തി'; സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ‍്യാപന പ്രസംഗം

തമിഴ്നാട് നിയമസഭയിൽ നയപ്രഖ‍്യാപന പ്രസംഗം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി; ഖേദകരമെന്ന് സ്റ്റാലിൻ

പവന് 1.08 ലക്ഷം രൂപ; സ്വർണ വില കുതിക്കുന്നു

ശബരിമല സ്വർണക്കൊള്ള; പ്രതികളുടെ വീട്ടിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി റെയ്ഡ്

"ചുംബന വിഡിയോ സർക്കാരിനെ നാണം കെടുത്തി"; കർണാടക ഡിജിപിക്ക് സസ്പെൻഷൻ