പ്രതി ജോസ്മോൻ |കൊല്ലപ്പെട്ട എയ്ഞ്ചൽ ജാസ്മിൻ
കലവൂർ: ജോസ്മോൻ മകളെ കഴുത്തു ഞെരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ഓമനപ്പുഴ ഗ്രാമം. ആർക്കും അത്ര പെട്ടെന്ന് അത് വിശ്വസിക്കാനായില്ല. ആ വീട്ടിൽ അതിനുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിയില്ല. ജോസ്മോൻ ആണെങ്കിൽ ആർക്കും ഉപദ്രവമില്ലാത്ത, അത്യാവശ്യം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജീവിക്കുന്ന ഒരാൾ. മകൾ ജാസ്മിൻ ചുറുചുറുക്കോടെ എല്ലാവരോട് സംസാരിച്ച് നാട്ടുകാരുമായി ഏറെ അടുപ്പമുള്ള ആളും. എന്നിട്ടും എന്തിനിത് ചെയ്തു എന്നാണ് അയൽ വാസികളുടെ ചോദ്യം.
പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ, സഹികെട്ടപ്പോൾ ചെയ്തു പോയതാണെന്നാണ് ജോസ്മോന്‍റെ മൊഴി. "വീട്ടിൽ എന്നും പ്രശ്നമാണ്. എല്ലാവരെയും ഉപദ്രവിക്കും. എപ്പോഴും വഴക്ക്. ഒന്നും പറഞ്ഞാൽ അനുസരിക്കില്ല. സഹികെട്ടപ്പോൾ ചെയ്തു പോയതാണ് സാറേ...''- ജോസ്മോൻ പറഞ്ഞു.
ഭർത്താവുമായി വഴക്കിട്ട് 5 മാസം മുൻപാണ് എയ്ഞ്ചൽ ജാസ്മിൻ (28) വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഒന്നാം തീയതി രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം. പുറത്തു പോവരുതെന്ന് പറഞ്ഞിട്ടും ജാസ്മിൻ ധിക്കരിച്ച് 7 മണിയോടെ വണ്ടിയെടുത്ത് പുറത്തു പോയി. പത്തു മണിയോടെ വീട്ടിലെത്തിയ ജാസ്മിനും ജോസ്മോനുമായി പിടിവലി ഉണ്ടാവുകയും കൈയിൽ കിട്ടിയ തോർത്തുപയോഗിച്ച് ജോസ്മോൻ ജാസ്മിന്‍റെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
രണ്ടാം തീയതി പുലർച്ചയോടെ ജാസ്മിന്‍റെ മരണ വിവരം ജോസ്മോൻ അയൽക്കാരെ അറിയിച്ചു. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പോസ്റ്റ്‌മോർട്ടം ചെയ്തതിൽ നിന്നാണ് മരണ കാരണം കഴുത്തിലെ രണ്ടു രക്തക്കുഴലുകൾ പൊട്ടിയതാണെന്ന് വ്യക്തമായത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ജോസ്മോൻ (ഫ്രാൻസിസ് -52) കുറ്റം സമ്മതിക്കുകയായിരുന്നു.
കൊലപാതക സമയം ജാസ്മിന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്നതായാണ് സൂചന. തന്‍റെ പിതാവിനെ അടക്കം ജാസ്മിൻ ഉപദ്രവിക്കുമായിരുന്നെന്നും ജോസ്മോൻ മൊഴി നൽകിയിട്ടുണ്ട്. കേസിൽ ജോസ്മോന്‍റെ ഭാര്യയെ പ്രതിചേർക്കുന്ന കാര്യം പൊലീസ് ആലോചിച്ചു വരികയാണ്. ജോസ്മോന്‍റെ മൊഴി സംബന്ധിച്ച് അടക്കം പൊലീസ് വിശദമായി അന്വേഷിക്കുന്നു.