ദിയ പുളിക്കക്കണ്ടം
കോട്ടയം: പാലാ നഗരസഭയിൽ ഇനി ജെൻസീ ഭരണ കാലം. 21കാരിയായ ദിയ ബിനു പുളിക്കക്കണ്ടമാണ് ,പാലാ നഗരസഭയിൽ ചെയർപേഴ്സണായി അധികാരമേറ്റിരിക്കുന്നത്. യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്രയായി മത്സരിച്ച ദിയ അധികാരത്തിലേറിയിരിക്കുന്നത്. 26 അംഗങ്ങലുടെ കൗൺസിലിൽ 12നെതിരേ 14 വോട്ടുകളാണ് ദിയ നേടിയത്. രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺമാരിൽ ഒരാളാണ് ദിയ.
നഗരസഭാ കൗൺസിലർ കൂടിയായ ബിനു പുളിക്കക്കണ്ടത്തിന്‍റെ മകളാണ് ദിയ.മദ്രാസ് ക്രിസ്ത്യൻ കോളെജിൽ നിന്ന് ബിഎ പൂർത്തിയാക്കിയ ശേഷം എംബിഎ പഠനത്തിനു ചേരാനിരിക്കേയാണ് ദിയ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ബിനുവിന്‍റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്‍റെ മകനാണ് ബിനു പുളിക്കക്കണ്ടം.