അവസാനമില്ലാതെ വിവാദവും വിമർശനവും; അയ്യപ്പ സംഗമം ശനിയാഴ്ച
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും ബിജെപിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളും കടുത്ത എതിർപ്പുയർത്തുന്നതിനിടെ പമ്പാ തീരത്ത് ശനിയാഴ്ച ആഗോള അയ്യപ്പ സംഗമം. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
അയ്യപ്പ സംഗമത്തിനു പിന്നിൽ സർക്കാരിനു രാഷ്‌ട്രീയ ലക്ഷ്യമാണെന്ന വിമർശനമാണ് പ്രതിപക്ഷവും ബിജെപിയും ഉയർത്തുന്നത്. ശ്രീകോവിലിലെ സ്വർണപ്പാളിയുടെ അറ്റകുറ്റപ്പണിയെച്ചൊല്ലിയുള്ള വിവാദങ്ങൾ ഉയർത്തിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ സർക്കാരിനെതിരേ ആഞ്ഞടിച്ചത്. സ്വർണപ്പാളിയിലെ നാലു കിലോ കൊള്ളയടിച്ചതിന്‍റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമമെന്നു സതീശൻ ചോദിച്ചു. ശബരിമല വികസന പദ്ധതി ഹൈക്കോടതി അംഗീകരിച്ചിരിക്കെ ഏഴു കോടി ധൂർത്തടിച്ച് ഇത്തരമൊരു പരിപാടി നടത്തേണ്ട കാര്യമെന്തെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
മൂന്നു പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതി സൗഹൃദ ജർമൻ ഹാങ്ങർ പന്തലൊരുക്കിയാണു സമ്മേളനം. പമ്പാ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച്പൂർണമായും ഹരിത ചട്ടം പാലിച്ചാണ് പന്തൽ നിർമിച്ചത്. സംഗമത്തിന് ശേഷം പന്തൽ പൂർണമായും അഴിച്ചുമാറ്റും. സംഗമത്തിൽ മൂന്ന് സമാന്തര സെഷനുകളും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ചാണ്. ആധുനിക സൗകര്യങ്ങൾ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്‍റെ പാരമ്പര്യം നിലനിർത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെഷൻ 'ആത്മീയ ടൂറിസം സർക്യൂട്ടുകൾ' എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതിൽ ചർച്ച ചെയ്യും.
മൂന്നാമെത്ത സെഷൻ 'ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും' എന്ന വിഷയമാണ്.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ 11 വരെ ഉദ്ഘാടന സമ്മേളനം. തുടർന്നാണ് സമാന്തര സെഷനുകൾ. ഉച്ചഭക്ഷണത്തിന് ശേഷം ഗായകൻ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചർച്ചകളുടെ സമാഹരണം. തുടർന്ന് സമാപന സമ്മേളനം. പ്രതിനിധികൾക്ക് ശബരിമല ദർശനത്തിനും അവസരമുണ്ട്.