സർക്കാർ ജീവനക്കാരുടെ ആരോ​ഗ്യ സുരക്ഷാപദ്ധതി മെഡിസെപ്പിൽ പൊളിച്ചു പണി; ശ്രീറാം വെങ്കിട്ടരാമന്‍ ചെയർമാൻ 
Kerala

സർക്കാർ ജീവനക്കാരുടെ ആരോ​ഗ്യ സുരക്ഷാപദ്ധതി മെഡിസെപ്പിൽ പൊളിച്ചു പണി; ശ്രീറാം വെങ്കിട്ടരാമന്‍ ചെയർമാൻ

വ്യാപക വിമർശനങ്ങൾക്കൊടുവിലാണ് സർക്കാരിന്‍റെ തീരുമാനം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് അഴിച്ചു പണിയാൻ സർക്കാർ. വ്യാപക വിമർശനങ്ങൾക്കൊടുവിലാണ് സർക്കാരിന്‍റെ തീരുമാനം. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു.

ജൂലൈയിൽ ആരംഭിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പഠനത്തിന് വിദഗ്ധ സമിതിയെ നിയമിച്ച് ഉത്തരവിറങ്ങി. മെഡിസെപ്പ് മുൻ സാങ്കേതിക ഉപദേഷ്ടാവ് അരുൺ ബി. നായർ ഉൾപ്പെട്ട സമിതിയിൽ മാധ്യമ പ്രവർത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതാനായ ഡോ. ശ്രീറാം വെങ്കിട്ടരാമനാണ് ചെയർമാൻ. ശ്രീറാമിനെതിരെ നേരത്തെ സർക്കാർ നടപടിയെടുത്തിരുന്നെങ്കിലും കാലാവധി പൂർത്തിയായതോടെ സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു.

ധന-ആരോഗ്യ വകുപ്പുകളിലെ വിവിധ തസ്തികകളിൽ നിയമനം നൽകിയ ശേഷമാണ് വിദഗ്ധ സമതിയുടെ തലപ്പത്തേക്കും നിയോഗിച്ചിരിക്കുന്നത്.

ശ്രീറാമിനെക്കൂടാതെ, ഡോ. ജയകുമാർ.ടി, പ്രൊഫ. ബിജു സോമൻ, ഡോ. ജയകൃഷ്ണൻ എം.വി, ഡോ. ലിഗീഷ് എ.എൽ, ഡോ. ബിജോയ് എന്നിവരാണ് സമിതിയംഗങ്ങൾ. മെഡിസെപ്പ് പദ്ധതിയിലെ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും നിശ്ചയിക്കുന്നതിനും പുതുക്കുന്നതുമാണ് ഈ സമിതിയുടെ പ്രധാന ചുമതല.

2022 ജൂലൈ 1ന് ആരംഭിച്ച പദ്ധതിയിൽ ആദ്യവര്‍ഷം സര്‍ക്കാര്‍ജീവനക്കാരില്‍നിന്നും 600 കോടി രൂപ ലഭിച്ചെങ്കിലും അതിനെക്കാള്‍ നൂറുകോടിയിലേറെ അധികതുക ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം നല്‍കേണ്ടിവന്നു. ചില ആശുപത്രികളില്‍ മെഡിസെപ് ഇല്ല, ഉള്ള ആശുപത്രികളില്‍ മികച്ച ചികിത്സാസൗകര്യമില്ല, ക്ലെയിം പൂര്‍ണമായി ലഭിക്കുന്നില്ല തുടങ്ങി ഗുണഭോക്താക്കളുടെ പരാതികള്‍ ഏറെയാണ്. ആശുപത്രികള്‍ ബില്‍തുക കൂട്ടി കൊള്ളലാഭമുണ്ടാക്കുന്നതും സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍പദ്ധതികളില്‍നിന്നു വ്യത്യസ്തമായി പെന്‍ഷന്‍കാര്‍ക്കും ആരോഗ്യപരിരക്ഷ ലഭിക്കുന്ന പദ്ധതിയാണെന്നതിനാലാണ് പരാതി ഉയർന്നതോടെയാണ് സർക്കാർ രണ്ടാം ഘട്ടത്തിലേക്ക് ആലോചിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു