ഇടുക്കിയിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു
ഇടുക്കി: ചിന്നക്കനാലിൽ വ്യാജപട്ടയം ഉപയോഗിച്ച് കൈയേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. 12 പേർ കൈവശം വച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് പിടിച്ചെടുത്തത്. സിപിഎം ശാന്തൻപാറ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്‍റുമായ വി.എക്സ്. ആൽബിനും ഭൂമി കൈയേറിയവരിൽ ഉൾപ്പെടുന്നു. ആൽബിൻ രണ്ടര ഏക്കർ ഭൂമിയാണ് കൈയേറിയത്.
ചിന്നക്കനാലിൽ നിന്ന് എഴുപതേക്കറിലേക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലായാണ് ഭൂമി കൈയേറിയത്. ഒപ്പം ചിന്നക്കനാലിൽ നിന്ന് സൂര്യനെല്ലിയിലേക്ക് പോകുന്ന വഴിയിലും രണ്ടിടത്തായി കൈയേറ്റം ഉണ്ടായിട്ടുണ്ട്.
ഭൂമി കൈയേറിയ വിവരം മൂന്നാർ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ, കൈയേറ്റക്കാർ ഹൈക്കോടതിയിലടക്കം കേസ് നൽകിയത് കാരണമാണ് കൈയേറ്റം ഭൂമി പിടിച്ചെടുക്കാൻ വൈകിയത്.
പിന്നീട് ഇതു കൈയേറ്റ ഭൂമിയാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെയാണ് തുടർ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.