ലഹരി വ്യാപനത്തിനെതിരേ കർമപദ്ധതി നടപ്പാക്കാൻ സർക്കാർ

 
Kerala

ലഹരി വ്യാപനത്തിനെതിരേ കർമപദ്ധതി നടപ്പാക്കാൻ സർക്കാർ

മയക്കുമരുന്ന് ഏതുവഴി ഇന്ത്യയിലെത്തുന്നു എന്ന ചോദ്യത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് നൽകി‍യ മറുപടിയില്‍ കേരളത്തിലുള്ള ഒരു തുറമുഖവുമില്ല

തിരുവനന്തപുരം: ലഹരി വ്യാപനത്തിനെതിരേ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് സർക്കാർ. ഇതിനായി വിദ്യാര്‍ഥി-യുവജന സംഘടനകള്‍, സിനിമാ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകള്‍, അദ്ധ്യാപക - രക്ഷാകര്‍തൃ സംഘടനകള്‍ എന്നിവയുടെ യോഗം ചേര്‍ന്ന് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സഭ നിർത്തിവച്ച് നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് ഏതുവഴി ഇന്ത്യയിലെത്തുന്നു എന്ന ചോദ്യത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് നൽകി‍യ മറുപടിയില്‍ കേരളത്തിലുള്ള ഒരു തുറമുഖവുമില്ല. കേരളത്തിലെ തുറമുഖത്തിലിറങ്ങിയാല്‍ അവിടെനിന്ന് റോഡിലേക്കിറക്കാന്‍ അനുവദിക്കാത്ത കര്‍ക്കശ സാഹചര്യം ഇവിടെ ഉണ്ട് എന്നതുകൊണ്ടാണത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരും സമൂഹം ആകെയും ചേര്‍ന്ന് മയക്കുമരുന്ന് എന്ന മാരകവിപത്തിനെ തുടച്ചുനീക്കുകയാണ് വേണ്ടത് . കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത ഒരുമയാണിവിടെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ അരുതാത്ത വഴിക്കു നീങ്ങുന്നില്ല എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സാമൂഹ്യ ഉത്തരവാദിത്വം കൂടിയാവണം. കുടുംബത്തിന്‍റെയും പൊലീസിന്‍റെയും ഉത്തരവാദിത്വത്തിനു പുറമെയാണിത്. പൊലീസ്, പഞ്ചായത്ത്, രക്ഷകര്‍തൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി, ബഹുമാന്യനായ ഒരു തദ്ദേശീയ വ്യക്തിത്വം എന്നിവര്‍ ഉള്‍പ്പെട്ട സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ഉണ്ടാവണം.ഓരോ മാസവും ജനവാസമേഖലകളില്‍ ഈ വിഷയം മുന്‍നിര്‍ത്തി പൊലീസ് - റസിഡന്‍റ്സ് സംയുക്ത യോഗങ്ങള്‍ വേണം. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി ശക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

കാമ്പസുകകള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുമ്പോള്‍ അവിടെ അരാജക ഗാങ്ങുകളാണ് ശക്തിപ്പെടുന്നത്. സീനിയര്‍-ജൂനിയര്‍ വിഭാഗീയത, ഗാങ്ങ് സംഘര്‍ഷങ്ങള്‍, മയക്കുമരുന്ന് കൈമാറ്റങ്ങള്‍, പ്രാദേശിക വികാരത്തിലൂന്നിയ സംഘട്ടനങ്ങള്‍ ഇവയൊക്കെ തലപൊക്കുന്നത് അരാഷ്ട്രീയ ക്യാമ്പസുകളിലാണെന്നത് ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാരിന്‍റെ കാലത്ത് 2024 ഡിസംബര്‍ 31 വരെ 87702 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 87389 കേസുകളിലായി 94886 പേരെ പ്രതി ചേര്‍ക്കുകയും 93599 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവില്‍ (2016 മുതൽ 21 വരെ) 37340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 37228 കേസുകളിലായി 41567 പേരെ പ്രതി ചേര്‍ക്കുകയും 41378 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 22 മുതൽ ഒന്നാം തീയതി വരെ മയക്കുമരുന്ന് സംഭരണത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരുന്നവര്‍ക്കെതിരെ പോലീസ് ഡി ഹണ്ട് പ്രത്യേക ഡ്രൈവ് നടത്തി.ഇതിന്‍റെ ഭാഗമായി 17246 പേരെ പരിശോധിച്ചു. അതില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് 2762 കേസുകളിലായി 2854 പേരെ അറസ്റ്റ് ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്‍ട്രോള്‍ റൂം

ക്രമസമാധാന ചുമതലയുള്ള പൊലീസ് അഡീഷണല്‍ ഡയറക്റ്റര്‍ ജനറലിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം സജ്ജമാണ്.

9497927797 എന്ന നമ്പറിലേക്ക് നല്‍കുന്ന എല്ലാ സന്ദേശങ്ങളും രഹസ്യമായി സൂക്ഷിക്കും. ജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ഈ സംവിധാനം വഴി അറിയിക്കാന്‍ കഴിയും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു