നന്ദന
കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയിൽ ബിബിഎ ഒന്നാം വർഷ വിദ്യാർഥിനിയെ കോളെജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആർട്സ് & സയൻസ് കോളെജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി ഇടുക്കി മാങ്കുളം മുനിപ്പാറ സ്വദേശി മലനിരപ്പലിൽ ഹരിയുടെ മകൾ നന്ദന(19) യാണ് മരിച്ചത്.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളെജിലെ ഹോസ്റ്റൽ മുറിയിൽ ഞായർ രാവിലെ എട്ടിനാണ് ഫാനിൽ തൂങ്ങിയ നിലയിൽ നന്ദനയുടെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം സെമെസ്റ്റർ പരീക്ഷയുടെ സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള വിദ്യാർഥികൾ വീട്ടിൽ പോയിരിക്കുകയായിരുന്ന സമയത്താണ് സംഭവം.
കോളെജിൽ ചേർന്നിട്ട് നാലു മാസമേ ആയിരുന്നുള്ളു. ജൂലൈയിൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
നന്ദനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഹരി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മകൾ ഫോണിൽ വിളിച്ചിരുന്നു. 35,000 രൂപ കോളെജ് ഫീസ് അയച്ചുകൊടുത്തതായും പിതാവ് ഹരി പറഞ്ഞു.
മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളെജിലേക്ക് മാറ്റി. വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലെ കോൾ ലിസ്റ്റ് പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ പി. ടി. ബിജോയ് പറഞ്ഞു. പെൺകുട്ടിയിൽ യാതൊരു അസ്വഭാവികതയും കണ്ടിരുന്നില്ലെന്ന് കോളെജ് പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ പറഞ്ഞു.