കൊച്ചി: പാതിവില സ്കൂട്ടർ തട്ടിപ്പുമായി മൂവാറ്റുപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കും. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും.
നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായിരുന്നു ആനന്ദകുമാര്‍. തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരനായ അനന്തു കൃഷ്ണനെ സ്കൂട്ടർ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എൻജിഒ കോൺഫെഡറേഷനാണെന്ന് നേരത്തെ വ്യക്തമായിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ ബൈലോയും മറ്റു രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍ വിതരണത്തിനു ചുമതലപ്പെടുത്തിയതിന്‍റെ വിശദാംശങ്ങളും ലഭിച്ചത്. അനന്തുവിന്‍റെ വാട്‌സാപ്പ് ചാറ്റുകൾ വിശദമായി പരിശോധിച്ചുവരുകയാണ്.