അയ്യപ്പ ഭക്തർക്കെല്ലാം സുഖദർശനം ഒരുക്കാൻ കഴിഞ്ഞു: മന്ത്രി വാസവൻ 
Kerala

അയ്യപ്പ ഭക്തർക്കെല്ലാം സുഖദർശനം ഒരുക്കാൻ കഴിഞ്ഞു: മന്ത്രി വാസവൻ

ശബരിമല തീർഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ

തിരുവനന്തപുരം: മുഴുവൻ ഭക്തർക്കും സുഖകരമായ ദർശനമൊരുക്കാൻ സാധിച്ച ശബരിമല തീർഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വർഷം കഴിഞ്ഞതെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഈ വർഷത്തെ മണ്ഡല- മകരവിളക്ക് തീർഥാടനകാലം വിജയകരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കാൻ റവന്യൂ, ദേവസ്വം വകുപ്പുകൾ മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദർശനം ഭക്തർക്കൊരുക്കാൻ സഹായിച്ചു. വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം ഇതിന് സഹായകമായി. ജൂൺ മാസത്തിൽ തന്നെ അവലോകന യോഗങ്ങൾ ആരംഭിക്കുകയും പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു.

വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉൾപ്പെടുത്തിയാണ് യോഗങ്ങൾ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമർപ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്‍റെ ഫലമാണ് ഈ നേട്ടം. മുഖ്യമന്ത്രിയുടെ മേൽനോട്ടം തീർഥാടന കാലത്തിന് കൂടുതൽ ഏകോപനം നൽകി- മന്ത്രി അറിയിച്ചു.

800ലേറെ വാഹങ്ങളാണ് ഗതാഗത വകുപ്പ് മകര ദിവസ വിളക്ക് ദിവസം ക്രമീകരിച്ചത്. ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും മാലിന്യ നിർമാർജനത്തിൻ സ്തുത്യർഹ സേവനം നൽകി. മുൻ വർഷങ്ങളിൽ പതിനെട്ടാം പടി കടന്ന് ഒരു മിനിട്ടിൽ 65 തീർഥാടകരാണ് എത്തിയതെങ്കിൽ 85 മുതൽ 90 പേർ വരെ കയറി എന്നത് പൊലീസിന്‍റെ മികവാണ്. കാനന പാതയിലൂടെ ഭക്തർക്ക് സുഗമമായ യാത്ര ഒരുക്കാൻ വനം വകുപ്പ് ശ്രദ്ധിച്ചു. ഓരോ മണിക്കൂറിലും വിശുദ്ധി സേന ശുചിത്വം ഉറപ്പാക്കി.

തീർഥാടന കാലത്ത് 6 ലക്ഷത്തിലധികം ഭക്തർ അധികമായെത്തിയിട്ടും പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തർ ദർശനം നടത്തിയിട്ടും പ്രതിസന്ധികളില്ലാതെ മണ്ഡല, മകരവിളക്ക് കാലം പൂർത്തീകരിക്കാൻ സാധിച്ചതിൽ സംസ്ഥാന സർക്കാരിന് അഭിമാനമുണ്ട്. ഒരു വർഷത്തിനുള്ളിൽ ശബരിമലയിൽ റോപ് വേ നിർമാണം പൂർത്തിയാക്കും. ശബരിമല മാസ്റ്റർ പ്ലാൻ 3 ഘട്ടങ്ങളിലായി നടപ്പിലാക്കും. ഇതോടെ ശബരിമലയുടെ വികസനത്തിന് വേഗം കൂടും, തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാകും- വാസവൻ പറഞ്ഞു.

ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയ തീർഥാടന കാലമാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സമയബന്ധിതമായ ഇടപെടലിലൂടെ 124 പേരെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ചു. വരുന്ന മണ്ഡല കാലത്തിന് മുൻപ് നിലയ്ക്കലിൽ പുതിയ ആശുപത്രി നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

എംഎൽഎമാരായ പ്രമോദ് നാരായൺ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട ജില്ലാ കലക്റ്റർ പ്രേം കൃഷ്ണൻ, പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ സ്വാഗതം ആശംസിച്ചു.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു