കാരണമില്ലാതെ ഭര്‍തൃ വീട്ടിൽ നിന്ന് മാറി താമസിക്കാൻ നിർബന്ധിക്കുന്ന ഭാര്യയുടെ നടപടി ക്രൂരത; വിവാഹ മോചനം നൽകി ഹൈക്കോടതി
kerala High Court
കൊച്ചി: വ്യക്തമായ കാരണമില്ലാതെ ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയായ നടപടിയാണെന്ന് കേരള ഹൈക്കോടതി. താമസിക്കാന്‍ രണ്ട് മുറികളുള്ള ഫ്‌ളാറ്റുണ്ടെങ്കിലേ ഗള്‍ഫിലേയ്ക്ക് മടങ്ങിയെത്തൂ എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഒമ്പത് വര്‍ഷമായി അകന്നു കഴിയുന്ന ദമ്പതിമാര്‍ക്ക് വിവാഹ മോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതി നിരീക്ഷണം.
കണ്ണൂര്‍ കുടുംബക്കോടതി ഉത്തരവിനെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. 2015ലാണ് ഹിന്ദു നിയമപ്രകാരമാണ് ഇരുവരുടേയും വിവാഹം നടന്നത്. ഭര്‍ത്താവ് ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. വിവാഹശേഷം മാതാപിതാക്കൾക്കൊപ്പം ഗള്‍ഫിലായിരുന്നു ഇരുവരുടേയും താമസം.
ഗര്‍ഭിണിയായ ശേഷം നാട്ടിലേയ്ക്ക് പോയ യുവതി പിന്നീട് തിരികെ പോകാന്‍ കൂട്ടാക്കിയില്ല. ഭര്‍ത്താവിന്‍റെ മാതാപിതാക്കളോടൊപ്പം താമസിക്കാനാകില്ലെന്നും രണ്ട് മുറികളുള്ള ഫ്‌ലാറ്റുണ്ടെങ്കിലേ മടങ്ങിവരാനാവൂ എന്നും യുവതി ഭര്‍ത്താവിനെ അറിയിച്ചു.
ഹര്‍ജിക്കാരന്‍റെ മാതാവ് തങ്ങള്‍ക്കിടയില്‍ തടസമായിരുന്നുവെന്നാണ് യുവതി നല്‍കിയ മൊഴി. ഭര്‍ത്താവിന്‍റെ അമ്മയുമായിട്ട് മാത്രമാണ് പ്രശ്‌നമെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് വിലയിരുത്തിയാണ് കുടുംബക്കോടതി വിവാഹമോചന ഹർജി തള്ളിയത്. എന്നാല്‍ തന്നോട് സംസാരിക്കാന്‍ പോലും ഭാര്യ കൂട്ടാക്കുന്നില്ലെന്നും യുവതിയുടെ സഹോദരന്‍ വഴിയാണ് വിവരങ്ങള്‍ അറിയിച്ചതെന്നുമായിരുന്നു ഭർത്താവിന്‍റെ വാദം.
കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങോ മറ്റ് കാര്യങ്ങളോ അറിയിച്ചില്ലെന്ന് കാട്ടി ഇത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെ ഭര്‍ത്താവ് ഹാജരാക്കി. ഭര്‍ത്താവിന്‍റെ ആരോപണങ്ങള്‍ യുവതി നിഷേധിച്ചതുമില്ല. തുടർന്ന് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.