പാലക്കാടൻ കാറ്റെത്തി; അതീവശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൂടേറിയ പാലക്കാടൻ കാറ്റ് ചുരം വഴി പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങിയത് വേനൽ ആരംഭത്തിന്റെ സൂചനയായി കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
വരുംദിവസങ്ങളിൽ വേനൽ ശക്തമാകും. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °C ലേക്കും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C ലേക്കും ഉയരാൻ സാധ്യതയുണ്ട്. 2 °C മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുള്ള ഈ ജില്ലകളിലെ ജനം കൂടുതൽ ജാഗ്രത പാലിക്കണം.
കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തതിനാൽ വെയിൽ നേരിട്ട് ദേഹത്ത് പതിക്കുന്ന ജോലികളിൽ നിന്ന് വൈകിട്ട് 3 വരെ ഒഴിവാകണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.